* 1068 ക്യാമ്പുകളിലായി ഒന്നരലക്ഷം പേർ
സംസ്ഥാനത്ത് അതീവജാഗ്രതാ സാഹചര്യമാണ് തുടരുന്നതെന്നും പ്രതിസന്ധികൾ നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാനം എറ്റവും കൂടുതൽ കെടുതി നേരിട്ട സാഹചര്യമാണ്. ബുധനാഴ്ച മാത്രം 25 മരണമുണ്ടായി. ആകെ ആഗസ്റ്റ് ഒൻപതുമുതലുള്ള മഴക്കെടുതി മരണം 67 ആയി. 1068 ക്യാമ്പുകളിലായി ഒന്നരലക്ഷത്തോളം ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. രാവിലെ 12 ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നതെങ്കിൽ ഇപ്പോഴത് സംസ്ഥാന വ്യാപകമായി പ്രഖ്യാപിച്ചിട്ടുണ്ട്.
അണക്കെട്ടുകൾ ഭൂരിഭാഗവും തുറക്കുകയും എല്ലാ നദിയും കരകവിഞ്ഞൊഴുകുകയും ചെയ്യുന്നു. ഗ്രാമങ്ങളും പട്ടണങ്ങളും ഒറ്റപ്പെട്ടതിനാൽ പലേടത്തും ആളുകൾ കുടുങ്ങിയ അവസ്ഥയാണ്.
മഴ കുറച്ചുദിവസം കൂടി തുടരുമെന്ന മുന്നറിയിപ്പുള്ളതാണ് ആശങ്കയുണ്ടാക്കുന്നത്. സംസ്ഥാനത്തെ സ്ഥിതി പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും അറിയിച്ചിട്ടുണ്ട്. വിവിധതലങ്ങളിലെ സഹായങ്ങൾ അവരോട് ആവശ്യപ്പെട്ടതിൽ അനുകൂല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ദുരന്തപരിഹാരത്തിന് ആവശ്യമായത് ചെയ്യാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചിട്ടുളളത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ രാജ്ഭവനിലെത്തി ഗവർണറോടും വിശദീകരിച്ചിട്ടുണ്ട്.
നീരൊഴുക്ക് കൂടിയതിനാൽ മുല്ലപ്പെരിയാർ ഡാമും ഗൗരവപ്രശ്‌നമായി ഉയർന്നുവന്നു. ജലനിരപ്പ് 142 അടിയായപ്പോൾ നീരൊഴുക്കിനനുസരിച്ച് അവിടെനിന്ന് വെള്ളം പുറത്തേക്ക് പോകാത്തതാണ് ആശങ്കയുണ്ടാക്കിയത്. തുടർന്ന്, വിഷയം ചീഫ് സെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി ബന്ധപ്പെട്ടു. സംസ്ഥാനം ഇക്കാര്യം പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയും ശ്രദ്ധയിൽപ്പെടുത്തി. തമിഴ്‌നാട് മുഖ്യമന്ത്രിക്കും ഇ മെയിൽ അയച്ചിരുന്നു. തുടർന്ന് നീരൊഴുക്കിന് തുല്യമായ വെള്ളം പുറത്തേക്ക് വിടുന്ന അവസ്ഥ വന്നതോടെ ആശങ്ക കുറഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു.