നോക്കാൻ ആരുമില്ലാത്ത വയോധികന് സംരക്ഷണമൊരുക്കി പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത്.പരൂർ, മാഞ്ചിറയ്ക്കല്‍ ദേവൻ (68) ആണ് വീട്ടിൽ ഒറ്റപ്പെട്ട് അവശനിലയിൽ കഴിഞ്ഞിരുന്നത്. വിവരമറിഞ്ഞ പഞ്ചായത്ത് അധികൃതർ ദേവനെ അഞ്ഞൂര്‍ ദിവ്യദര്‍ശന്‍ വൃദ്ധസദനത്തിലേയ്ക്ക് മാറ്റുകയായിരുന്നു.
പുന്നയൂര്‍ക്കുളത്തെ പരൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ദേവന്‍. എന്നാല്‍ വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മൂന്ന് വര്‍ഷം മുൻപ് ജോലി ഉപേക്ഷിക്കേണ്ടിവന്നു. കടവല്ലൂര്‍ സ്വദേശിനി പുഷ്പയാണ് ദേവന്റെ ഭാര്യ. അഞ്ച് വര്‍ഷം മുൻപ് പുഷ്പയുടെ മനോനില തകരാറിലായി. പുഷ്പയും ചികിത്സയിലാണ്. ഇവര്‍ക്ക് കുട്ടികളില്ല.
ഓലമേഞ്ഞ ചോര്‍ന്നൊലിക്കുന്ന കൂരയിലാണ് ദേവന്റെ താമസം. അസുഖ ബാധിതനായതിനാല്‍ ആവശ്യമായ ഭക്ഷണവും മരുന്നും പഞ്ചായത്ത് നല്‍കി വന്നിരുന്നു. പഞ്ചായത്തിലെ ആശ്രയ പദ്ധതിയില്‍ ഉള്‍പ്പെട്ട വ്യക്തി കൂടിയാണ് ദേവന്‍.
പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും ആരോഗ്യ വിഭാഗത്തിന്റെ പരിശോധനാ നടപടികളും പൂര്‍ത്തീകരിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷെഹീര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ഇ കെ നിഷാര്‍, സ്റ്റന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ മൂസ ആലത്തയില്‍, വാര്‍ഡ് മെമ്പര്‍ അനിത, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ റോബിന്‍, സെക്രട്ടറി മണികണ്ഠൻ എന്നിവരുടെ നേതൃത്വത്തിലാണ് ദേവനെ അഗതി മന്ദിരത്തിലേയ്ക്ക് മാറ്റിയത്.