പോക്‌സോ അതിജീവിതരായ പെൺകുട്ടികൾക്ക് സുരക്ഷിത അഭയകേന്ദ്രമെന്ന നിലയിൽ വനിതാ ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്നവയാണ് എൻട്രി ഹോമുകൾ. അരക്ഷിത സാഹചര്യങ്ങൾമൂലം സ്വന്തം വീടുകളിൽ തുടരാൻ കഴിയാത്ത പെൺകുട്ടികൾക്കായാണ് ഈ ഹോമുകൾ. കുട്ടികൾക്ക് താമസസൗകര്യം നൽകുന്നതോടൊപ്പം വിദ്യാഭ്യാസം തുടരുന്നതിനുള്ള സൗകര്യവും ഒരുക്കുന്നു. 18 വയസ് പൂർത്തിയാകുന്നതോടെ ഇവരെ എൻട്രി ഹോമിൽ നിന്ന് ആഫ്റ്റർ കെയർ ഹോമിലേക്ക് മാറ്റുകയും ഉന്നത വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നിവയ്ക്കുള്ള സൗകര്യമൊരുക്കുകയും ചെയ്യും.
ജില്ലകളിൽ പ്രവർത്തിക്കുന്ന എൻട്രി ഹോമുകളിൽ എത്തുന്ന പോക്‌സോ അതിജീവിതരായ പെൺകുട്ടികളെ 48 മണിക്കൂറിനുള്ളിൽ വൈദ്യപരിശോധന നടത്തി രണ്ടാഴ്ചയ്ക്കകം പഠന റിപ്പോർട്ട് നടപടികൾ പൂർത്തിയാക്കും. ശേഷം കുട്ടികളുടെ വ്യക്തിഗത പ്ലാൻ തയ്യാറാക്കിയ ശേഷമാണ് പുനരധിവാസ പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.
തൊഴിൽ പരിശീലനം ആവശ്യമുള്ളവരെ വകുപ്പിന് കീഴിൽ തന്നെയുള്ള തേജോമയ കേന്ദ്രത്തിലേക്കും വിദ്യാർത്ഥികളെ മോഡൽ ഹോമിലേക്കുമാണ് മാറ്റുന്നത്. വിവിധ കാരണങ്ങളാൽ സ്വന്തം വീടുകളിലേക്കോ ഹോമുകളിലേക്കോ മാറ്റാൻ സാധിക്കാത്തവരെയാണ് അതത് ജില്ലകളിലെ എൻട്രി ഹോമുകളിൽ സംരക്ഷിക്കുന്നത്.
ജില്ലാ ശിശു വികസന ഓഫിസർ, ജില്ലാ ശിശു സംരക്ഷണ ഓഫിസർ, വനിതാ സംരക്ഷണ ഓഫിസർ എന്നിവരടങ്ങിയ സംഘം മാസത്തിൽ ഒരു തവണ കുട്ടികളെ സംരക്ഷിക്കുന്ന ഹോമുകൾ സന്ദർശിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കും. സ്വന്തം വീടുകളിൽതന്നെ കഴിയുന്ന പോക്‌സോ അതിജീവിതരുടെ സുരക്ഷ ഉറപ്പാക്കാൻ നിശ്ചിത ഇടവേളകളിൽ തുടർ പരിശോധനകളും നടത്തുന്നുണ്ട്.