വേളൂക്കര ഗ്രാമപഞ്ചായത്തിൽ പണി പൂർത്തീകരിച്ച രണ്ട് റോഡുകൾ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു നാടിന് സമർപ്പിച്ചു. പഞ്ചായത്തിലെ പതിനാലാം വാർഡിൽ ഉൾപ്പെടുന്ന പള്ളിക്കപ്പാടം മിച്ചഭൂമി കോളനി- എസ്എൻഡിപി റോഡ്, 10, 11 വാർഡുകളിൽപ്പെടുന്ന തുമ്പൂർ കയർഫെഡ് – കല്ലങ്ങാടി റോഡ് എന്നിവയാണ് ഉദ്ഘാടനം ചെയ്തത്.

നാനാമുഖമായ വികസന പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ മണ്ഡലത്തിൽ നടന്നുവരുന്നുണ്ടെന്ന് ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പറഞ്ഞു. ഏറ്റവും പ്രധാനപ്പെട്ട റോഡുകളെല്ലാം ഉന്നത നിലവാരത്തിലായി കഴിഞ്ഞു. ആനന്ദപുരം-നെല്ലായി റോഡിനായി പത്ത് കോടി രൂപ ഈ ബജറ്റിൽ അനുവദിച്ചിട്ടുണ്ട്. മഴ തീരുന്ന മുറയ്ക്ക് ഇതിന്റെ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കുടിവെള്ളവും ടൂറിസവും ഉൾപ്പെടെയുള്ള മേഖലകളിൽ വിവിധങ്ങളായ പദ്ധതികൾ തുടർന്നും ഏറ്റെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇരിങ്ങാലക്കുട നിയോജക മണ്ഡലം എംഎൽഎ ആയിരുന്ന പ്രൊഫ.കെ യു അരുണന്റെ പ്രത്യേക വികസനഫണ്ടിൽ നിന്ന് അനുവദിച്ച തുക ഉപയോഗിച്ചാണ് റോഡുകൾ നിർമിച്ചത്. പള്ളിക്കപ്പാടം മിച്ചഭൂമി കോളനി- എസ്എൻഡിപി റോഡ് 7 ലക്ഷം രൂപ ഉപയോഗിച്ചും തുമ്പൂർ കയർഫെഡ് – കല്ലങ്ങാടി റോഡ് 15 ലക്ഷം രൂപ ഉപയോഗിച്ചുമാണ് പണിപൂർത്തീകരിച്ചത്.

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രൻ, വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ്, മുൻ എംഎൽഎ കെ യു അരുണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികുമാർ എടപ്പുഴ, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.