കാലത്തിന് അനുസൃതമായി ആയുർവേദത്തെ ആധുനിക വത്ക്കരിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചവ്യക്തിയാണ് ഡോ. പി.കെ. വാരിയരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി ആയിരുന്ന ഡോ.പി.കെ. വാരിയരുടെ ഒന്നാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈദ്യശാസ്ത്രത്തിന്റെയും മാനവികതയുടെയും പാഠങ്ങൾ ഒരുപോലെയുയർത്തിപ്പിടിക്കുകയും ആ മൂല്യങ്ങൾ ലോകത്തിന് മുന്നിൽ പ്രചരിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ.പി.കെ.വാരിയർ. അലോപ്പതിയും ആയുർവേദവും പരസ്പര പുരകങ്ങളാണെന്ന് അദ്ദേഹം വിശ്വസിച്ചു.
കോവിഡ് കാലത്ത് ഇത് ലോകം മനസിലാക്കി. ആയുർവേദത്തിന്റെ മഹത്വം ലോകത്തിന്റെ നെറുകയിൽ എത്തിക്കുന്നതിൽ ഡോ.പി.കെ.വാരിയർ നിർണായക പങ്കാണ് വഹിച്ചതെന്നും ഗവർണർ പറഞ്ഞു. ആയുർവേദം ആഡംബരത്തിന്റെ ഭാഗമല്ലെന്ന ചിന്ത പൊതുജനങ്ങൾക്കിടയിൽ ഊട്ടി ഉറപ്പിക്കാൻ പി.കെ.വാരിയർക്ക് കഴിഞ്ഞെന്നും ഗവർണർ കൂട്ടിച്ചേർത്തു. പി.കെ.വാരിയരുടെ അനുസ്‌മരണ യോഗത്തിൽ സംബന്ധിക്കാൻ സാധിച്ചതിൽ ചാരിതാർത്ഥ്യം ഉണ്ടെന്നും ഗവർണർ വ്യക്തമാക്കി.

കോട്ടക്കൽ അനശ്വര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷനായി. പി.കെ.വാരിയരുടെ ഓർമകൾ കേരളത്തെയും കോട്ടക്കലിനെയും സംബന്ധിച്ച് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ആയുർവേദത്തെ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തിയും സ്വീകാര്യതയും നേടിക്കൊടുക്കാൻ ഡോ.പി.കെ. വാരിയർക്ക് സാധിച്ചു. ആയുർവേദത്തിന്റെ ശാസ്ത്രീയത ലോകത്തിന് മനസിലാക്കികൊടുക്കുന്നതിനും അദ്ദേഹത്തിനായി മന്ത്രി പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാലയെ ലാഭകരമാക്കുക എന്നതിലുപരി ആ ലാഭം എങ്ങനെ ജനങ്ങൾക്ക് ഉപയോഗപ്രദമാക്കാം എന്നതായിരുന്നു പി.കെ.വാരിയരുടെ ചിന്തയെന്നും വി.അബ്ദുറഹിമാൻ കൂട്ടിച്ചേർത്തു. പ്രൊ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ, ഡോ.എം.പി. അബ്ദു സമദ് സമദാനി എം.പി എന്നിവർ ആശംസകൾ നേർന്നു. ആര്യവൈദ്യശാല ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ഡോ. ജി.സി. ഗോപാലപിള്ള ആമുഖഭാഷണം നടത്തി.
ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റീ ഡോ.പി.എം. വാരിയർ സ്വാഗതവും അഡീഷണൽ ചിഫ് ഫിസിഷ്യൻ ഡോ.കെ. മുരളീധരൻ നന്ദിയും പറഞ്ഞു. ചടങ്ങിൽ ശിവകുമാർ, സുബൈദ എന്നിവർക്ക് ആര്യവൈദ്യശാല ജീവനക്കാർ നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനവും ഗവർണർ നിർവഹിച്ചു.