ബാങ്കുകളുടെ ജില്ലാതല യോഗത്തില്‍ നബാര്‍ഡ് സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.എച്ച്.ജി – ജെ.എല്‍.ജി ഗ്രൂപ്പുകള്‍ക്ക് ഏറ്റവും കൂടുതല്‍ വായ്പ വിതരണം ചെയ്ത ബാങ്കുകളെ അനുമോദിച്ചു. പി.എ.യു. പ്രോജക്ട് ഡയറക്ടര്‍ പി.സി. മജീദ് മികച്ച നേട്ടം കൈവരിച്ച ബാങ്ക് ശാഖകള്‍ക്ക് അവാര്‍ഡ് നല്‍കി.
സര്‍ക്കാര്‍ വാണിജ്യ ബാങ്ക് ബ്രാഞ്ച് തലത്തില്‍ കനറാ ബാങ്ക് മാനന്തവാടി ശാഖയും സ്വകാര്യ വാണിജ്യ ബാങ്ക് തലത്തില്‍ ധനലക്ഷ്മി ബാങ്ക് കല്‍പ്പറ്റ ശാഖയും, കേരള ഗ്രാമീണ്‍ ബാങ്ക് പനമരം ശാഖയും, കേരള ബാങ്ക് മീനങ്ങാടി സായാഹ്ന ശാഖയും പൂതാടി സര്‍വീസ് സഹകരണ ബാങ്കും അവാര്‍ഡിനര്‍ഹരായി. എസ്.എച്ച്.ജി – ജെ.എല്‍.ജി ഗ്രൂപ്പുകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് ഐശ്വര്യ, പ്രതീക്ഷ, സോപാനം, ഉഷസ് എന്നീ സ്വയം സഹായ സംഘങ്ങളെ ചടങ്ങില്‍ അനുമോദിച്ചു. അഗ്രികള്‍ച്ചര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ കെ. മമ്മുട്ടി, കുടുംബശ്രീ എ.ഡി.എം.സി. വാസു പ്രദീപ് തുടങ്ങിയവര്‍ നൂതന പദ്ധതികള്‍ വിശദീകരിച്ചു. ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍, നബാര്‍ഡ് എ.ജി.എം വി. ജിഷ, ഓഫീസര്‍ കെ. ബിനില തുടങ്ങിയവര്‍ സംസാരിച്ചു.