ആധുനിക വാതക ശ്മശാന പദ്ധതിയും നോളജ് വില്ലേജ് പദ്ധതിയും നടപ്പാക്കാനൊരുങ്ങുകയാണ് എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത്. എഴുമറ്റൂര്‍ പഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് പ്രസിഡന്റ് ശോഭാ മാത്യു സംസാരിക്കുന്നു:

വാതക ശ്മശാന പദ്ധതി
എഴുമറ്റൂര്‍ പഞ്ചായത്തിലെ ജനങ്ങളുടെ ആവശ്യമാണ് ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പൊതുശ്മശാനം. സ്ഥല പരിമിതി മൂലം മൃതദേഹം ഉചിതമായി സംസ്‌കരിക്കുന്നതിന് ജനങ്ങള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിനായാണ് പഞ്ചായത്ത് വാതക ശ്മശാന പദ്ധതി നടപ്പാക്കാന്‍ പോകുന്നത്. വാതക ശ്മശാനം വരുന്നതോടെ ചിതയൊരുക്കി ദഹിപ്പിക്കുന്നതില്‍ നേരിടുന്ന പല പ്രയാസങ്ങളും ഒഴിവാക്കാന്‍ സാധിക്കുമെന്നും എല്‍പിജി സിലിണ്ടറുകളായിരിക്കും ഉപയോഗിക്കുകയെന്നും പഞ്ചായത്ത് പ്രസിഡന്റ് ശോഭാ മാത്യു പറഞ്ഞു. മാത്രമല്ല, ദുര്‍ഗന്ധമില്ലാതെയും വേഗത്തിലും മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കും.

നോളജ് വില്ലേജ് പദ്ധതി
വൈജ്ഞാനിക വികസനത്തിലൂടെ സാമൂഹ്യ പുരോഗതി ലക്ഷ്യമിടുന്ന അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എയുടെ സ്വപ്ന പദ്ധതിയായ നോളജ് വില്ലേജ് എഴുമറ്റൂര്‍ പഞ്ചായത്തില്‍ നടപ്പാക്കും.

ടേക്ക് എ ബ്രേക്ക്
പാതയോരങ്ങളില്‍ ആധുനിക സജ്ജീകരണങ്ങളോടെ വിശ്രമ കേന്ദ്രങ്ങളൊരുക്കുന്ന ടേക്ക് എ ബ്രേക്ക് പദ്ധതി നടപ്പാക്കി. പഞ്ചായത്ത് കെട്ടിടത്തിന് എതിര്‍വശത്ത് റോഡ് അരികിലാണ് കെട്ടിടം പണികഴിപ്പിച്ചത്. പൊതുജനങ്ങള്‍ക്കും വഴിയാത്രക്കാര്‍ക്കും ഏറ്റവും സൗകര്യപ്രദമായാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. കെട്ടിടം ശുചിയായി സൂക്ഷിക്കുന്നതിനും വൃത്തിയാക്കുന്നതിനും പ്രത്യേകം ആളുകളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

ജനകീയ ഹോട്ടല്‍
വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി പഞ്ചായത്ത് കെട്ടിടത്തിന് സമീപം ജനകീയ ഹോട്ടല്‍ ആരംഭിച്ചു. ഇരുപത് രൂപയ്ക്ക് ചോറ്, കറി, തോരന്‍, അച്ചാര്‍ എന്നിവ ലഭ്യമാക്കുന്നു. ഭക്ഷണം സൗജന്യമായും ഇവിടെ ലഭ്യമാക്കുന്നുണ്ട്.

കുടിവെള്ള പ്രശ്ന പരിഹാരം
കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിനായി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജലജീവന്‍ പദ്ധതി എല്ലാ വാര്‍ഡുകളിലും ആരംഭിച്ചു. ജലജീവന്‍ പദ്ധതിയുടെ ഒന്നാംഘട്ടവും രണ്ടാം ഘട്ടവും പൂര്‍ത്തിയാക്കി. മൂന്നാംഘട്ടം പ്രാഥമിക ഘട്ടത്തിലാണ്.

ലൈഫ് മിഷനില്‍ 39 വീടുകള്‍ പൂര്‍ത്തിയാക്കി
ലൈഫ് മിഷന്‍ പദ്ധതിയിലുള്‍പ്പെടുത്തി പഞ്ചായത്തിലെ നിര്‍ധനരായ ആളുകളെ കണ്ടെത്തി ഭവനനിര്‍മാണം നടത്തി വരുന്നു.  ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തി 39 വീടുകളാണ് ഇതുവരെ പഞ്ചായത്തില്‍ പൂര്‍ത്തിയാക്കിയത്.

മാലിന്യ നിര്‍മാര്‍ജനം
ഹരിതകര്‍മ്മസേനയുടെ നേതൃത്വത്തില്‍ മികച്ച പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. വീടുകളിലെ മാലിന്യം ശേഖരിച്ച് വേര്‍തിരിച്ച് ക്ലീന്‍ കേരള കമ്പനിക്ക് കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടത്തുന്നുണ്ട്.

തെരുവുവിളക്കുകള്‍
പഞ്ചായത്തിലെ വാര്‍ഡുകളിലെ തെരുവുവിളക്കുകള്‍ എല്‍ഇഡിയാക്കി മാറ്റി.

സ്റ്റേഡിയം നിര്‍മിക്കും
യുവജനങ്ങളുടെ കായികമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പഞ്ചായത്തിന് സ്വന്തമായി ഒരു സ്റ്റേഡിയം നിര്‍മിക്കും.

പരിശീലനം
ഭിന്നശേഷിക്കാരായ കുട്ടികളെ വീട്ടിലിരുന്ന് പരിപാലിക്കുന്ന രക്ഷകര്‍ത്താക്കള്‍ക്ക് ഒഴിവ് സമയം ചെയ്യാന്‍ സാധിക്കുന്ന ബാഗ് നിര്‍മാണം, തുണിസഞ്ചി നിര്‍മാണം, ചിരട്ട ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ നിര്‍മാണം പോലുള്ള ജോലികള്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിശീലിപ്പിക്കാന്‍ പദ്ധതിയുണ്ട്. ഇതിലൂടെ അവര്‍ക്ക് വരുമാനം കണ്ടെത്താന്‍ സഹായിക്കും.