കാലവര്‍ഷം ശക്തമാകുന്ന സാഹചര്യത്തില്‍ ഓറഞ്ച്, റെഡ് അലര്‍ട്ട് മുന്നറിയിപ്പുള്ള ദിവസങ്ങളിലും, ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക മുന്നറിയിപ്പ് പുറപ്പെടുവിക്കുന്ന സാഹചര്യങ്ങളിലും വനമേഖലയിലെ വിനോദ സഞ്ചാരം നിയന്ത്രിക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വനം വകുപ്പിന് നിര്‍ദ്ദേശം നല്‍കി. വനത്തിനുളളിലെ ദുരന്ത സാഹചര്യം നിരന്തരം നിരീക്ഷിക്കണം. അപകട സാഹചര്യം നിലനില്‍ക്കുന്ന സാഹചര്യങ്ങളില്‍ വനത്തിനുള്ളിലെ വിനോദ കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കരുത്. ശക്തമായ മഴയത്ത് വനത്തിനുളളില്‍ താമസിക്കുന്ന തദ്ദേശിയര്‍ക്ക് ആവശ്യമായ ഭക്ഷ്യ സാധനങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്ന് പട്ടികജാതി പട്ടിക വര്‍ഗ്ഗ വകുപ്പുമായി ചേര്‍ന്ന് ഉറപ്പാക്കണം. വനത്തിനുള്ളില്‍ വസിക്കുന്ന തദ്ദേശിയരെ ആവശ്യമെങ്കില്‍ മാറ്റി താമസിപ്പിക്കാനുള്ള ക്രമീകരണങ്ങള്‍ നടത്തണം. ക്യാമ്പുകള്‍ സജ്ജമാക്കാന്‍ അനുയോജ്യമായ കെട്ടിടങ്ങള്‍ അതാത് ഊരുകളിലോ, ഏറ്റവും അടുത്തുള്ള സുരക്ഷയുള്ള കെട്ടിട സമുച്ചയങ്ങളിലോ കണ്ടെത്തി തയ്യാറാക്കണം. വനത്തിനുള്ളില്‍ ക്യാമ്പുകളുടെ നടത്തിപ്പ് പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിനും, വനം വകുപ്പിനുമായിരിക്കും. വനമേഖലയിലെ ഊരുകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്താനും വകുപ്പുകളോട് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കി.