മണിയൻ കിണർ പട്ടികവർഗ കോളനിയിൽ വനഭൂമി പട്ടയം അനുവദിക്കുന്നതിന് വേണ്ടിയുള്ള രേഖകൾ ശേഖരിക്കുന്നതിന് വേണ്ടി ഉദ്യോഗസ്ഥർ നേരിട്ടെത്തി. റവന്യൂ മന്ത്രി കെ രാജൻ്റെയും ജില്ലാ കലക്ടർ ഹരിത വി കുമാറിൻ്റെയും നിർദേശ പ്രകാരം സ്പെഷ്യൽ തഹസിൽദാർ സി എസ് രാജേഷിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘമാണ് കോളനിയിൽ അപേക്ഷ നൽകിയ കുടുംബങ്ങളെ നേരിൽ കണ്ട് രേഖകൾ പരിശോധിച്ചത്. ആകെയുണ്ടായിരുന്ന 16 അപേക്ഷകളിൽ 15 എണ്ണത്തിലും ആവശ്യമായ രേഖകൾ ലഭ്യമാക്കി. ഈ മാസം തന്നെ പട്ടയം ശരിയാകുമെന്നും വരുന്ന പട്ടയമേളയിൽ ഇവരുടെ പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിയുന്ന രീതിയിൽ രേഖകൾ കൃത്യമാക്കിയതായും തഹസിൽദാർ അറിയിച്ചു.

ഭൂമിയുടെ അവകാശികളാകുകയെന്ന മണിയൻകിണറിലെ കുടുംബങ്ങളുടെ ഏറെ നാളത്തെ സ്വപ്നമാണ് ഇതോടെ യാഥാർത്ഥ്യമാകുന്നത്. കൃത്യമായ രേഖകൾ സമർപ്പിക്കാത്തതിനാൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കഴിഞ്ഞ പട്ടയമേളകളിൽ ഇവർക്ക് പട്ടയം നൽകാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ പട്ടികവർഗക്കാരുടെ പട്ടയങ്ങൾ എത്രയും വേഗം നൽകണമെന്ന റവന്യൂമന്ത്രി കെ രാജൻ്റ നിർദേശത്തെ തുടർന്നാണ് മണിയൻ കിണറിൽ ഉദ്യോഗസ്ഥർ നേരിട്ടെത്തി രേഖകൾ ശേഖരിച്ചത്.
സ്പെഷ്യൽ തഹസിൽദാർക്കൊപ്പം റവന്യൂ ഉദ്യോഗസ്ഥരായ സുധീഷ്, തഫ്സൽ, സന്ധ്യ, മേരി, പ്രോമോട്ടർ അന്നമ്മ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.