കേരളത്തിൽ വ്യവസായം ആരംഭിക്കാനും വ്യവസായ സ്ഥാപനങ്ങൾ നടത്താനും നിയമങ്ങളുടെ നൂലാമാലകൾ അനുവദിക്കുന്നില്ല എന്ന പതിവ് പ്രചാരണങ്ങളെ കാറ്റിൽപറത്തി സാധാരണക്കാർക്കും സംരംഭകരാകാനുള്ള അവസരങ്ങൾ ഒരുക്കുകയാണ് ജില്ലാ വ്യവസായവകുപ്പ്. ഇതിന്റെ ഭാഗമായി ജില്ലാ വ്യവസായകേന്ദ്രവും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും ചേർന്ന് ജില്ലാ വ്യവസായകേന്ദ്രത്തിൽ പാര ലീഗൽ വോളന്റിയേഴ്‌സിന് വേണ്ടി സ്വയംതൊഴിൽ സംരംഭകസാധ്യതകൾ എന്ന വിഷയത്തിൽ ട്രെയിനിങ് പ്രോഗ്രാം നടത്തി. രാജ്യത്തിന്റെ പുരോഗതി നിർണയിക്കുന്നവരാണ് സംരംഭകരെന്ന് ഉദ്ഘാടനം നിർവ്വഹിച്ച ഡിഎൽഎസ്എ സെക്രട്ടറിയും സബ് ജഡ്ജുമായ ടി. മഞ്ജിത് പറഞ്ഞു. സ്വപ്നങ്ങളെ പിന്തുടരുകയും യശസിന് വേണ്ടി പരിശ്രമിക്കുകയും ചെയ്യേണ്ടത് ഭരണഘടനാപരമായ അവകാശമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംരംഭകരുടെ അനന്തസാധ്യതകളെപ്പറ്റി ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജർ ഡോ.കെ.എസ്. കൃപകുമാർ അധ്യക്ഷപ്രസംഗത്തിൽ സംസാരിച്ചു.

സബ് ഡിസ്ട്രിക്ട് ഇൻഡസ്ട്രിയൽ ഓഫീസർ അജിത്കുമാർ പദ്ധതികളെയും സേവനങ്ങളെയും പറ്റി ക്ലാസ്സ്‌ നയിച്ചു. സംരംഭകർക്കായുള്ള സൗജന്യ നിയമസേവനം, നിയമസാക്ഷരത എന്നിവ പ്രതിപാദിച്ചു. കേരള സൂക്ഷ്മ ഇടത്തരം വ്യവസായങ്ങൾ സുഗമമാക്കൽ നിയമം, കെ സ്വിഫ്റ്റ് പോർട്ടൽ, എംഎസ്എംഇഡി ആക്ട് 2006, സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിന്റെ സംരഭകർക്ക് വേണ്ടിയുള്ള സഹായപദ്ധതികൾ(ഇഎസ് എസ് ), സബ്സിഡി അനുവദിക്കുന്നതിലെ മുൻഗണനകൾ, കേന്ദ്രസർക്കാർ പദ്ധതിയായ പി എംഇജിപി, നാനോ ഗാർഹിക പലിശ സബ്സിഡി പദ്ധതി, കൈത്തറി വ്യവസായ പദ്ധതികൾ, ഭക്ഷ്യസംസ്കരണ സംരംഭകർക്കായുള്ള പദ്ധതികൾ സ്ത്രീകൾക്കായുള്ള സ്വയംതൊഴിൽ പദ്ധതികൾ തുടങ്ങി വിവിധ പദ്ധതികളെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നതായിരുന്നു ക്ലാസ്സ്‌. അൻപതിലധികം വോളന്റിയേഴ്‌സ് പങ്കെടുത്തു. ടിഎൽഎസ്സി സെക്രട്ടറി അർച്ചന പി ശിവൻ സ്വാഗതവും അനുജ കെ ഗോപാൽ നന്ദിയും പറഞ്ഞു.