400 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി
കോഴഞ്ചേരി താലൂക്കിലെ ആറന്മുള ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന 400ല്‍ അധികം ആളുകളെ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തിലുള്ള സംഘം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒറ്റപ്പെട്ട് കഴിയുന്ന എല്ലാവരേയും മാറ്റുന്നതിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി. ചില സ്ഥലങ്ങളില്‍ വെള്ളത്തിന്റെ ചുഴിയും ഒഴുക്കും കാരണം ബോട്ടുകള്‍ക്ക് അടുക്കാന്‍ സാധിക്കാത്ത സാഹചര്യം ഉണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ഹെലികോപ്ടര്‍ മുഖേന ആളുകളെ ഒഴിപ്പിച്ചു വരുന്നു. ഇന്നു വൈകുന്നേരത്തോ’ടെ ഹെലികോപ്ടര്‍ ഉപയോഗിച്ച് ഇരുനൂറോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. കൊല്ലം നീണ്ടകരയില്‍ നിന്ന് എത്തിച്ച ബോട്ടുകളിലാണ് കൂടുതല്‍ ആളുകളെ സുരക്ഷിത സ്ഥാനങ്ങലിലേക്ക് മാറ്റിയത്. കോഴഞ്ചേരിയില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ടെത്തി നേതൃത്വം നല്‍കി വരുന്നു. പത്തനംതിട്ട കളക്ടറേറ്റില്‍ കുടുംബശ്രീ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ എസ്. ഹരികിഷോറും ജില്ലാ പോലീസ് മേധാവി ടി. നാരായണനും ദുരന്തനിവാരണ സെല്ലിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു.