പീരുമേട് സബ് ട്രഷറി പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു

വാണിജ്യ ബാങ്കുകളിലുള്ളതിനേക്കാള്‍ ഗുണഭോക്തൃസൗഹൃദമായി നവീകരിച്ച് ബയോമെട്രിക് സംവിധാനം ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനം ആഗസ്റ്റോടെ ട്രഷറികളില്‍ നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു. കേരളത്തിലെ ട്രഷറികള്‍ സമ്പൂര്‍ണമായും പേപ്പര്‍ രഹിത ഓഫീസായി മാറുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പുതിയതായി പണികഴിപ്പിച്ച പീരുമേട് സബ് ട്രഷറി മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സര്‍ക്കാരിന്റെ വികസനപരമായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. അതിന്റെ ഭാഗമായി ജനങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ഒരുപോലെ ഉപയോഗപ്രദമായ രീതിയില്‍ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ മന്ദിരങ്ങള്‍ നിര്‍മ്മിക്കുന്നത്. ട്രഷറി സര്‍ക്കാരിന്റെ ബാങ്കാണ്. സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നികുതിയായി വരുന്ന പണത്തിന്റെ ഭൂരിഭാഗ വിനിമയവും നടക്കുന്നത് ട്രഷറികള്‍ വഴിയാണ്. പ്രായമായ ഒരുപാടുപേര്‍ ട്രഷറിയെ ആശ്രയിക്കുന്നുണ്ട്. അതിനാല്‍ അവരെ കൂടുതല്‍ കരുതുന്ന രീതിയിലാണ് പുതിയതായി നിര്‍മിക്കുന്ന ട്രഷകളുടെ നിര്‍മ്മാണം. ബയോ-മെട്രിക് സംവിധാനങ്ങള്‍ പോലുള്ള ആധുനിക സാങ്കേതിക വിദ്യകള്‍ വരുന്നതോടെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും സുതാര്യമായിമാറുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

തോട്ടം മേഖലയെയും തൊഴിലാളികളെയും ഉദ്ധരിക്കുന്നതിനു കൃത്യമായ കാഴ്ചപ്പാടൊടെയാണ് പിണറായി സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്ന് ധനകര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. തോട്ടങ്ങളുടെ സ്വഭാവം മാറാതെ കര്‍ഷകരുടെ വരുമാനം വര്‍ധപ്പിക്കുന്നതിന് ഇടവിളകള്‍ തോട്ടങ്ങളില്‍ പരീക്ഷണടിസ്ഥാനത്തില്‍ കൃഷി ആരംഭിക്കുമെന്ന് ധനകാര്യ മന്ത്രി കെ എന്‍ രാജഗോപാല്‍ പറഞ്ഞു. തോട്ടം മേഖലയിലെ വരുമാന വര്‍ധനവിനും തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും സമഗ്ര പാക്കേജ് നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരള ചരിത്രത്തിത്തില്‍ ആദ്യമായാണ് തോട്ടം മേഖലക്ക് 54 കോടി രൂപ ബഡ്ജറ്റില്‍ വകയിരുത്തുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് വാഴൂര്‍ സോമന്‍ എം എല്‍ എ പറഞ്ഞു. പീരുമേട് താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിന് 42 കോടി രുപ നല്‍കിയതും ഇടുക്കിയോടുള്ള കരുതലാണെന്നും എം എല്‍ എ അഭിപ്രായപ്പെട്ടു.

ട്രഷറി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് അംഗം കെ. ടി. ബിനു, പീരുമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സാബു, കൊക്കയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയ മോഹനന്‍, പെരുവന്താനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോമിന സജി, വണ്ടിപ്പെരിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എം. ഉഷ, പീരുമേട് ഗ്രാമ പഞ്ചായത്ത് അംഗം ആര്‍. ദിനേശന്‍, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷന്‍ സി. വി. വര്‍ഗീസ്, ട്രാക്കോ കേബിള്‍ കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ അഡ്വ.അലക്‌സ് കോഴിമല, ട്രഷറി ഡയറക്ടര്‍ വി. സാജന്‍, ദക്ഷിണമേഖല ട്രഷറി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.പി.ബിജുമോന്‍, ജില്ലാ ട്രഷറി ഓഫീസര്‍ കെ. ബിജു, വിവിധ ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ആധുനിക സൗകര്യങ്ങളോടെയുള്ള പുതിയ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 1.40 കോടി രൂപ മുതല്‍മുടക്കില്‍ 3900 സ്‌ക്വയര്‍ ഫീറ്റില്‍ രണ്ടു നിലകളിലായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ഗുണഭോക്താക്കള്‍ക്ക് വിശ്രമിക്കാനും പ്രാഥമിക ആവശ്യങ്ങള്‍ക്കുള്ള സൗകര്യവും പുതിയ ട്രഷറിയില്‍ സജ്ജീകരിച്ചിട്ടുണ്ട്.