തദ്ദേശ സ്വയംഭരണ വകുപ്പ് എൻജിനിയറിങ് വിഭാഗത്തിൽ 138 പേർക്ക് അസിസ്റ്റൻറ് എൻജിനിയർമാരായി നിയമനം നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പി എസ് സി റാങ്ക് ലിസ്റ്റിൽ നിന്നാണ് ഇത്രയും ഉദ്യോഗാർഥികൾക്ക് ഒരുമിച്ച് നിയമനം നൽകുന്നത്. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഇതിനകം തന്നെ കില മുഖേന പരിശീലനം നൽകിക്കഴിഞ്ഞു. നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലനത്തിലൂടെ ജോലിയെ സംബന്ധിച്ചും ചുമതലകളെ സംബന്ധിച്ചും കൃത്യമായ അവബോധം ഉദ്യോഗാർഥികൾക്ക് കൈവരിക്കാൻ സാധിച്ചു. ജോലി കൃത്യമായി നിർവഹിക്കാനുള്ള കാര്യശേഷി കൈവരിക്കാൻ ഉദ്യോഗാർഥികളെ പ്രാപ്തരാക്കാൻ ലക്ഷ്യമിട്ടാണ് നിയമനത്തിന് മുൻപ് തന്നെയുള്ള പരിശീലന പരിപാടി രൂപകൽപ്പന ചെയ്തതെന്നും മന്ത്രി അറിയിച്ചു. നിയമനം ലഭിച്ചവർ ജോലിയിൽ പ്രവേശിക്കുന്നതോടെ കേരളത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ എൻജിനിയർമാരുടെ കുറവിന് പരിഹാരമാവും. തദ്ദേശസ്ഥാപനങ്ങളിൽ ഒഴിവുള്ള ഓവർസിയർമാരുടെ ഒഴിവുകളും അടിയന്തിരമായി നികത്തുമെന്നും മന്ത്രി പറഞ്ഞു.