ലൈംഗികചൂഷണം തടയുക, ചൂഷണത്തിനിരയായവരെ മോചിപ്പിക്കുക, അവരെ പുനരധിവസിപ്പിക്കുക, പുനരേകീകരിക്കുക, സമൂഹത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരുക തുടങ്ങിയ പ്രവർത്തനങ്ങൾ നടപ്പാക്കാൻ അംഗീകൃത സംഘടനകൾക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയാണ് ഉജ്ജ്വല. പദ്ധതിപ്രകാരം മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഒരു ഹോമിനു 1,00,000 രൂപയും പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഒരു ഹോമിനു 25,23,500 രൂപയും എന്ന നിരക്കിൽ 60:30:10 എന്ന അനുപാതത്തിൽ യഥാക്രമം കേന്ദ്രം, സംസ്ഥാനം, സംഘടന എന്നിവർ വഹിക്കുന്നു.
ബോധവത്ക്കരണ പരിപാടികൾ, സെമിനാറുകൾ, പ്രഭാഷണങ്ങൾ എന്നിവ വഴി ജനങ്ങളിൽ അവബോധം സൃഷ്ടിച്ച് സ്ത്രീകൾ, കുട്ടികൾ എന്നിവർക്കെതിരെ നടക്കുന്ന ലൈംഗികചൂഷണം തടയുക, ചൂഷണം നടന്ന സ്ഥലത്തുനിന്നും ഇരകളെ മോചിപ്പിച്ച് സുരക്ഷിത സ്ഥലങ്ങളിൽ എത്തിക്കുക, ചൂഷണത്തിന് ഇരയായവർക്ക് താമസം, വസ്ത്രം, ഭക്ഷണം, കൗൺസലിംഗ്, വൈദ്യസഹായം, നിയമസഹായം, തൊഴിൽ പരിശീലനം എന്നിവ നൽകി പുനരധിവസിപ്പിക്കുക തുടങ്ങിയവയാണ് ഇത്തരം കേന്ദ്രങ്ങളുടെ പ്രധാന ചുമതലകളിൽ ഉൾപ്പെടുന്നത്. ചൂഷണത്തിനു ഇരയായവരെ പുനരേകീകരിച്ച് കുടുംബത്തിലേക്കും സമൂഹത്തിലേയ്ക്കും തിരികെ എത്തിക്കാനുള്ള നടപടികളും ഇത്തരം കേന്ദ്രങ്ങൾ വഴി നടപ്പാക്കുന്നു. സംസ്ഥാനത്ത് നിലവിൽ 3 ഹോമുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം പ്രവർത്തിച്ചുവരുന്നത്.
1. കൾച്ചറൽ അക്കാഡമി ഫോർ പീസ്, എറണാകുളം
2. സെന്റ് ബർണഡിറ്റ് ഹോം ഫോർ വിമൻ, കോഴിക്കോട്
3. പി.സരോജിനി അമ്മ സ്മാരക മഹിളാ സമാജം, മലപ്പുറം.