നെല്‍കൃഷിയും പച്ചക്കറി കൃഷിയും പ്രോത്സാഹിപ്പിച്ച് മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്ത് മുന്നോട്ട്. അഞ്ചു വര്‍ഷം മുമ്പ് മൂന്ന് ഏക്കറില്‍ മാത്രം നെല്‍കൃഷി ഉണ്ടായിരുന്ന മല്ലപ്പുഴശേരി ഗ്രാമപഞ്ചായത്തില്‍ നിലവില്‍ 160 ഏക്കറോളം പാടത്ത് കൃഷിനടക്കുന്നുണ്ട്. പച്ചക്കറി കൃഷിയിലും മുന്നേറ്റം കൈവരിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിലൂടെ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി 50 സെന്റ് സ്ഥലത്ത് പച്ചക്കറി കൃഷി ആരംഭിച്ചു. വിഷരഹിത പച്ചക്കറി വള്ളസദ്യയ്ക്ക് നല്‍കുക എന്ന ആറന്‍മുള വികസന സമിതിയുടെ ആശയത്തില്‍ നിന്നുമാണ് പച്ചക്കറി കൃഷി ആരംഭിച്ചത്. പഞ്ചായത്തില്‍ തരിശുകിടക്കുന്ന എല്ലാ ഭൂമിയും കൃഷിക്ക് അനുയോജ്യമാക്കുന്നതിനായി തൊഴിലുറപ്പിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. അനുയോജ്യമാക്കിയ ഭൂമി തരിശ് കിടക്കാന്‍ അനുവദിക്കാതെ കൃഷി നടത്തും. മല്ലപ്പുഴശേരിയുടെ മികവുകളെക്കുറിച്ചും പ്രശ്നങ്ങളെക്കുറിച്ചും പഞ്ചായത്ത് പ്രസിഡന്റ് എസ്. ഉഷാകുമാരി സംസാരിക്കുന്നു:

കുടിവെള്ളം
പഞ്ചായത്ത് നേരിടുന്ന പ്രധാന പ്രശ്നം കുടിവെള്ളമാണ്. കുടിവെള്ളക്ഷാമം രൂക്ഷമായ പരുത്തുംപാറയില്‍ വൈസ് പ്രസിഡന്റ് പ്രദീപ് കുമാര്‍ നല്‍കിയ സ്ഥലത്ത് പദ്ധതി നടപ്പാക്കാനാണ് ശ്രമം. എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കാന്‍ ജലജീവന്‍ മിഷനുമായി ചേര്‍ന്നുള്ള പദ്ധതിയും തയാറാക്കി.

മത്സ്യക്കൃഷി
പഞ്ചായത്തിലെ പ്രധാന ചിറയായ മുല്ലശേരിയില്‍ ആറ് ഏക്കറില്‍ വലിയ രീതിയില്‍ മത്സ്യക്കൃഷി നടക്കുന്നു. മത്സ്യവിഭവങ്ങള്‍ ഉണ്ടാക്കി കൊടുക്കുന്ന പദ്ധതി ടൂറിസവുമായി ബന്ധപ്പെടുത്തി ഇവിടെ നടത്തിയിരുന്നു. എന്നാല്‍, കഴിഞ്ഞ വെള്ളപ്പൊക്കത്തില്‍ കുറെയധികം മത്സ്യങ്ങള്‍ നഷ്ടമായതിനാല്‍ ലക്ഷ്യം കൈവരിക്കാനായില്ല. ഈ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ തുടരുന്നു. കേരളത്തിലെ രണ്ടാമത്തെ മത്സ്യ പ്രജനനകേന്ദ്രമായ പന്നിവേലിച്ചിറയിലാണ് ഗിഫ്റ്റ് തിലാപ്പിയയുടെ പ്രജനന കേന്ദ്രം ഉള്ളത്. ഇവിടെ നിന്നും മറ്റ് പ്രദേശങ്ങളിലേക്ക് കൃഷിക്കായി മത്സ്യത്തെ കൊണ്ടുപോകുന്നുണ്ട്.

ടൂറിസം
ടൂറിസമാണ് ഗ്രാമപഞ്ചായത്ത് ലക്ഷ്യം വയ്ക്കുന്ന മുന്നേറ്റം. മുല്ലശേരി, പന്നിവേലിച്ചിറകളിലാണ് ടൂറിസം സാധ്യതകള്‍ വികസിപ്പിക്കുന്നതിന് തയാറെടുക്കുന്നത്. പന്നിവേലിച്ചിറയ്ക്കു ചുറ്റും നടപ്പാത സംവിധാനം, കഫറ്റീരിയ ഉള്‍പ്പെടെ പദ്ധതിയിടുന്നു. ടേക്ക് എ ബ്രേക്ക് നിര്‍മാണവും നടക്കുന്നു.

പാരിസ്ഥിതിക പ്രവര്‍ത്തനം
പച്ചപ്പ് വീണ്ടെടുക്കുന്നതിനായി പുല്‍ക്കൃഷി, പച്ചത്തുരുത്ത് തുടങ്ങിയവ വിജയകരമായി നടപ്പാക്കി. പമ്പാതീരത്ത് ജൈവ വൈവിധ്യ ബോര്‍ഡുമായി ചേര്‍ന്ന് വൃക്ഷത്തെകള്‍ നട്ടുപിടിപ്പിക്കുകയും അവ പരിപാലിക്കുകയും ചെയ്യുന്നു. വഴിവക്കില്‍ അഞ്ചു സെന്റ് സ്ഥലത്ത് മിയാവാക്കിവനം തയാറാക്കുന്നത് പരിഗണനയിലുണ്ട്. പമ്പയുമായി ബന്ധപ്പെട്ട കോളിഫോം ബാക്ടീരിയ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ തടയാന്‍ ആറ്റുതീരത്ത് രാമച്ചം നട്ടു പരിപാലിക്കുന്നു.

ആരോഗ്യ, ശുചീകരണ പ്രവര്‍ത്തനങ്ങള്‍
ആരോഗ്യ മേഖലയിലെ പ്രധാന നേട്ടം മലമ്പനി മുക്ത പഞ്ചായത്തായി മല്ലപ്പുഴശേരിയെ പ്രഖ്യാപിച്ചതാണ്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ കുടുംബ ആരോഗ്യകേന്ദ്രമാക്കുന്നതിന് ശ്രമം തുടങ്ങി. മാലിന്യവിമുക്ത പഞ്ചായത്ത് എന്നതാണ് ഭരണസമിതിയുടെ ലക്ഷ്യം. അതിനനുസരിച്ചുള്ള കാര്യങ്ങള്‍ ക്രമീകരിക്കുന്നുണ്ട്. പഞ്ചായത്തില്‍ മിനി എംസിഎഫ് സ്ഥാപിച്ചിട്ടുണ്ട്.

മറ്റ് പ്രവര്‍ത്തനങ്ങള്‍
സാങ്കേതിക പരിജ്ഞാനം ഉള്ള യുവാക്കളെ ഉള്‍പ്പെടുത്തി തൊഴില്‍ ബാങ്ക് ക്രമീകരിക്കുന്നത് പരിഗണനയിലുണ്ട്. ഭിന്നശേഷി കുട്ടികള്‍ക്ക് വേണ്ടിയുള്ള പ്രത്യേക പരിചരണ സെന്റര്‍ നെല്ലിക്കാല ഗവണ്‍മെന്റ് സ്‌കൂളില്‍ ആരംഭിച്ചു.