ഇലന്തൂര്‍ ഗവ. കോളജിന്റെ പുതിയ കെട്ടിടനിര്‍മാണത്തിനും വഴിക്കുമായി സ്ഥലം ഏറ്റെടുക്കുന്ന പ്രവര്‍ത്തികള്‍ ത്വരിതപ്പെടുത്താന്‍ അഡിഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോളജ് വികസനസമിതി യോഗം തീരുമാനിച്ചു. നിലവില്‍ കൈവശമുള്ള മൂന്ന് ഏക്കര്‍ സ്ഥലത്ത് താത്കാലിക കെട്ടിടം നിര്‍മിക്കാനും ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ അഡ്മിഷനോട് അനുബന്ധിച്ച് ഡിഗ്രി കോഴ്സുകള്‍ക്ക് 1000 രൂപയും പിജി കോഴ്സുകള്‍ക്ക് 1500 രൂപയും വിദ്യാര്‍ഥികളില്‍ നിന്ന് സിഡിസി(കോളജ് ഡെവലപ്‌മെന്റ് കമ്മിറ്റി) ഫണ്ടായി വാങ്ങാനും തീരുമാനമായി.

2014 ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് നിലവില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പ്രവര്‍ത്തിക്കുന്നത്. കളക്‌ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇലന്തൂര്‍ ഗവ.ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. പി. ശൈലജാകുമാരി, കോളജ് അധ്യാപിക എം.ഹയറുന്നിസ, പിടിഎ അംഗം കെ.എം. സലീന, റിട്ട. അസിസ്റ്റന്റ് പ്രൊഫസര്‍ കെ.എസ്. ശ്രീകല, പിഡബ്ല്യുഡി ബില്‍ഡിംഗ്സ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. ശുഭ, കോളജ് യൂണിയന്‍ പ്രതിനിധി ആര്‍.എ. അന്‍സാബ് തുടങ്ങിയവര്‍ പങ്കെടുത്തു.