26ന് മന്ത്രി ഡോ. ആർ ബിന്ദു തുറന്നു കൊടുക്കും
സംസ്ഥാനത്ത് മാനസിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ നിർമ്മിച്ച പുനരധിവാസകേന്ദ്രം ‘പ്രിയ ഹോം’ ഉദ്ഘാടനത്തിന് സജ്ജമായി.
കൊട്ടാരക്കര വെളിയം കായിലയിൽ നിർമ്മിച്ച ക്ഷേമസ്ഥാപനം ജൂലൈ 26 ന് രാവിലെ 11 മണിക്ക് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു തുറന്നു കൊടുക്കും.
സാമ്രാജ്യത്വത്തിനും ജന്‍മിത്തത്തിനുമെതിരെ ത്യാഗനിർഭരസമരങ്ങളിൽ നേതാവായിരുന്ന, അടിച്ചമർത്തപ്പെട്ടവരുടെ അവകാശസംരക്ഷണത്തിന് ജീവിതം മാറ്റിവച്ച കമ്യൂണിസ്റ്റ് നേതാവ് സി എച്ച് കണാരന്റെ കൊച്ചു മകളുടെ പേരിലാണ് പുനരധിവാസ കേന്ദ്രം ആരംഭിക്കുന്നത്.
മാനസികരോഗമുള്ള വനിതകളുടെ പുനരധിവാസ കേന്ദ്രം തുടങ്ങാൻ കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനനും കമലാസനന്റെ ഭാര്യയും സി എച്ച് കണാരന്റെ മകളുമായ സരോജിനിയും സാമൂഹ്യനീതി വകുപ്പിന് വിട്ടുനൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണ് പ്രിയ ഹോം ഒരുക്കിയത്. മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർത്ഥം കൂടിയാണ് കമലാസനനും സരോജിനിയും സ്ഥലവും കെട്ടിടവും സർക്കാരിന് കൈമാറിയത്.