ആവശ്യമായ ഇടങ്ങളിൽ മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കാതെ സംസ്ഥാനത്തെ മാലിന്യനിർമ്മാർജന പ്രവർത്തനങ്ങൾ പൂർണമാകില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. കേരളത്തെ ലോകോത്തരമാക്കുന്നതിനുള്ള പ്രവർത്തനങ്ങളുടെ ഭാഗമാണിത്. ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് മാലിന്യ സംസ്‌കരണ പ്ലാന്റുകൾ സ്ഥാപിക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘എന്റെ നഗരം,ശുചിത്വ നഗരം’ എന്ന പേരിൽ നഗരസഭകൾക്കായി നടത്തുന്ന ശുചിത്വ മാലിന്യ സംസ്‌കരണ പദ്ധതികളുടെ മേഖലാതല ശില്പശാല തിരുവനന്തപുരം ഐ എം ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് തലങ്ങളിൽ ഉറവിട മാലിന്യ സംസ്‌കരണം പ്രശംസനീയമായ രീതിയിലാണ് നടപ്പാക്കുന്നത്. ഇത്തരത്തിൽ ശാസ്ത്രീയ മാലിന്യ നിർമാർജ്ജന പരിപാടികൾ നഗരസഭകളിലും കാര്യക്ഷമമായി നടപ്പാക്കുന്നത് അടിയന്തരപ്രാധാന്യമുള്ള വിഷയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നഗരസഭാതലത്തിൽ ശുചിത്വ, മാലിന്യ സംസ്‌കരണ പദ്ധതികൾ ഊർജ്ജിതമാക്കുന്നതിനായാണ് ശില്പശാല സംഘടിപ്പിച്ചത്. കേന്ദ്ര -പാർപ്പിട നഗരകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ, സംസ്ഥാന ശുചിത്വമിഷൻ ഡയറക്ടർമാർ, പ്രോഗ്രാം ഓഫിസർമാർ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കേന്ദ്ര സംസ്ഥാന മാനദണ്ഡങ്ങൾക്കനുസരിച്ച് പദ്ധതികൾ ക്രമീകരിക്കുന്നതിനാവശ്യമായ നടപടികൾ ശില്പശാല ചർച്ച ചെയ്തു.
വി കെ പ്രശാന്ത് എം എൽ എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി സുരേഷ്‌കുമാർ, മുനിസിപ്പൽ ചെയർമാൻസ് ചേംബർ ചെയർമാൻ എം. കൃഷ്ണദാസ്, തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ, ശുചിത്വമിഷൻ എക്‌സിക്യൂട്ടിവ് ഡയറക്ടർ കെ ടി ബാലഭാസ്‌കരൻ, കേന്ദ്ര പാർപ്പിട, നഗരകാര്യ മന്ത്രാലയം ജോയിന്റ് അഡൈ്വസർ വി കെ ചൗരസ്യ, പി.എം.യു സ്വച്ഛ് ഭാരത് മിഷൻ ഹിമൻഷു ചതുർവേദി തുടങ്ങിയവരും ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം നഗരസഭകളിലെ നഗരസഭാ അധ്യക്ഷ•ാർ, നിർവഹണ ഉദ്യോഗസ്ഥർ എന്നിവരും ശില്പശാലയിൽ പങ്കെടുത്തു.