വിദേശത്ത് കൂടുതൽ തൊഴിൽസാധ്യതയുള്ള മേഖലയാണ് നഴ്‌സിംഗ്. ലോകത്തിന്റെ പല ഭാഗങ്ങളിലും ധാരാളം മലയാളികൾ നഴ്‌സിംഗ് മേഖലയിൽ ജോലി ചെയ്യുന്നു. എന്നാൽ വിദേശത്തെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ലഭിക്കാൻ അക്കാദമിക മികവ് മാത്രം പോര. അധിക നൈപുണ്യം തെളിയിക്കേണ്ടത് അനിവാര്യമാണ്. ഇത്തരത്തിൽ നഴ്‌സിംഗ് പഠനം
പൂർത്തിയാക്കിയവർക്ക് വിദേശ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് വനിതാ വികസന കോർപറേഷന്റെ കീഴിലുള്ള സംവിധാനമാണ് ASEP N (അഡ്വാൻസ്ഡ് സ്‌കിൽ എൻഹാൻസ്മെന്റ് പ്രോഗ്രാം ഇൻ നഴ്‌സിംഗ്).

നഴ്‌സിംഗിൽ GNM ,B Sc., MSc. നേടിയ രജിസ്റ്റർ ചെയ്ത നഴ്സുമാർക്കാണ് പരിശീലനം ലഭിക്കുക. പ്രവൃത്തിപരിചയമില്ലാത്തവർക്ക് ഒബ്‌സർവർഷിപ്പിനുള്ള സൗകര്യവും നൽകുന്നു. ഓരോ ബാച്ചിലും 30 സീറ്റുകളാണുള്ളത്. ഇതിൽ 90 ശതമാനവും വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ആഴ്ചയിൽ 48 മണിക്കൂർ തോതിൽ 21 ദിവസമാണ് കോഴ്സ് കാലാവധി.

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, പേഴ്‌സണാലിറ്റി, സോഫ്റ്റ് സ്‌കിൽ ട്രെയിനിങ്, ബേസിക് ഐ ടി സ്‌കിൽസ്, എമർജൻസി, ക്രിട്ടിക്കൽ കെയർ നഴ്‌സിംഗ് സ്‌കിൽസ്, ഇൻഫെക്ഷൻ കൺട്രോൾ, പേഷ്യന്റ് സേഫ്റ്റി, ക്ലിനിക്കൽ ട്രെയിനിങ് എന്നിവയിലാണ് പരിശീലനം. 2020 സെപ്റ്റംബറിൽ ആരംഭിച്ച പദ്ധതി വഴി ഇതുവരെ അഞ്ച് ബാച്ചുകളിലായി 155 പേർ പരിശീലനം നേടിയിട്ടുണ്ട്.

സംസ്ഥാന വനിതാവികസന കോർപ്പറേഷൻ, സെന്റർ ഫോർ മാനേജ്‌മെന്റ് ഡവലപ്മെന്റ് (സി.എം.ഡി), ഓവർസീസ് ഡവലപ്മെന്റ് എംപ്ലോയ്‌മെന്റ് പ്രമോഷൻ കൺസൾട്ടന്റ് ലിമിറ്റഡ് (ODEPC) തുടങ്ങിയവ സംയുക്തമായാണ് പരിശീലനം നൽകുന്നത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷയ്ക്കും: www.kswdc.org, www.reach.org.in, www.odepcskills.in. ഫോൺ: 9497005608, 9496204387