പോസ്റ്റുമോര്‍ട്ടം ഉടന്‍ ചെയ്ത് റിപ്പോര്‍ട്ട് നല്കാന് സംവിധാനം
മഴക്കെടുതികളെ നേരിടാന്‍ ആരോഗ്യ വകുപ്പും ആരോഗ്യ വിദ്യാഭ്യാസ വകുപ്പും സുസജ്ജമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. എല്ലാ ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്കാന് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. മഴക്കെടുതികളുമായി ബന്ധപ്പെട്ട് കൊണ്ടുവരുന്നവരുടെ മൃതദേഹം കാലതാമസം കൂടാതെ അപ്പോള്‍ തന്നെ പോസ്റ്റുമോര്‍ട്ടം ചെയ്ത് റിപ്പോര്‍ട്ട് നല്കാന് സംവിധാനം ഏര്‍പ്പെടുത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി മെഡിക്കല്‍ കോളേജുകളിലെ ഫോറന്‍സിക് വിഭാഗം സജ്ജമാക്കിയിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
ഓക്സിജന്‍ സിലിണ്ടര്‍ കൊണ്ടുവരുന്ന ലോറികള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഓക്സിജന്റെ അഭാവം ഉണ്ടാകാതിരിക്കാനായി പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള മെഡിക്കല്‍ കോളേജുകളിലെ ഡോക്ടര്‍മാരെ ദുരിതാശ്വാസ ക്യാമ്പുകളില്‍ അയയ്ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഓരോ മെഡിക്കല്‍ കോളേജിലും അതതു സ്ഥലത്തെ പ്രാധാന്യം അനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നുള്ള അധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ട് സംഘമായി വയനാട്ടിലും കോഴിക്കോട്ടെ പല ഭാഗങ്ങളിലുമെത്തി ചികിത്സ നല്‍കുന്നതായി ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ പറഞ്ഞു.
മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ കൊണ്ടുവന്ന ആളുകള്‍ക്കുള്ള വിദഗ്ധ ചികിത്സയ്ക്കായി അത്യാഹിത വിഭാഗം സജ്ജമാക്കി..
ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ടീമിനെ നേരത്തെ തന്നെ സജ്ജമാക്കിയിരുന്നു.
തിരുവനന്തപുരത്തും പത്തനംതിട്ടയിലും വെള്ളപ്പൊക്ക ഭീഷണി ഉണ്ടായതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എല്ലാവിധ സജ്ജീകരണവുമൊരുക്കിയിട്ടുണ്ട്. അത്യാഹിത വിഭാഗത്തില്‍ മതിയായ ഡോക്ടര്‍മാരുടേയും മറ്റ് ജീവനക്കാരുടേയും സേവനം ഉറപ്പാക്കിയിട്ടുണ്ട്.
മഞ്ചേരി മെഡിക്കല്‍ കോളേജിലും ജാഗ്രതപ പുലര്‍ത്തുന്നുണ്ട്. എറണാകുളം മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയുന്ന ചില രോഗികളെ എറണാകുളം മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് അതിനുള്ള ചികിത്സാ സൗകര്യം ഒരുക്കാന്‍ തീരുമാനിച്ചു.
പി.ജി. അസോസിയേഷന് എല്ലാ സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എല്ലാ മെഡിക്കല്‍ കോളേജുകളിലേയും പി.ജി. ഡോക്ടര്‍മാരുടെ നമ്പര്‍ ബന്ധപ്പെട്ട ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് അയച്ച് കൊടുത്തിട്ടുണ്ട്.
ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ താലൂക്ക് ജില്ല, ജനറല്‍ ആശുപത്രികളിലും ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്.എല്‍. സരിത പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ മതിയായ വൈദ്യ സഹായം നല്‍കുന്നുണ്ട്. മഴക്കെടുതി കാരണം ചികിത്സാ ചീട്ടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് അത് കണ്ടുപിടിച്ച് നല്‍കാനുള്ള ശ്രമവും നടത്തും.
മഴക്കെടുതി കഴിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ആരോഗ്യ വകുപ്പ് പ്രാധാന്യം നല്‍കുന്നത്. മഴ മാറുമ്പോള്‍ മാലിന്യ പ്രശ്നങ്ങളിലൂടെയുണ്ടാകുന്ന പകര്‍ച്ച വ്യാധികള്‍ പ്രതിരോധിക്കുന്നതിന് വലിയ പ്രാധാന്യം നല്‍കും.
മരുന്നുകളുടെ ലഭ്യതയും ഉറപ്പ് വരുത്തി. കൂടുതല്‍ ക്ലോറിനേഷനുള്ള സാധന സാമഗ്രികള്‍ എത്തിച്ചുകൊണ്ടിരിക്കുകയാണെന്നും ആരോഗ്യ വകുപ്പ് ഡയറക്ടര്‍ പറഞ്ഞു.