സർക്കാർ വകുപ്പുകളും സ്ഥാപനങ്ങളും നടപ്പാക്കുന്ന നൂതന ആശയങ്ങളുടെ മികവിനുള്ള 2018, 2019, 2020 വർഷങ്ങളിലെ ചീഫ് മിനിസ്റ്റേഴ്സ് ഇന്നൊവേഷൻസ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പബ്ലിക് സർവീസ് ഡെലിവറി, പേഴ്സൺ മാനേജ്മെന്റ്, പ്രൊസീജ്യറൽ ഇന്റെർവെൻഷൻ, ഡെവലപ്മെന്റൽ ഇന്റർവെൻഷൻ എന്നീ വിഭാഗങ്ങളിലെ മികവിനാണു പുരസ്‌കാരങ്ങൾ. അഞ്ചു ലക്ഷം രൂപയാണ് ഓരോ ഇനത്തിലും പുരസ്‌കാരത്തുകയായി ലഭിക്കുക.
2018ൽ പബ്ലിക് ഡെലിവറി വിഭാഗത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയും പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കേരള പൊലീസ് സൈബർ ഡോമും പുരസ്‌കാരത്തിന് അർഹരായി.

2019ലെ പബ്ലിക് ഡെലിവറിയിലെ മികവിനുള്ള പുരസ്‌കാരം റവന്യൂ ഇ-പേമെന്റ് സിസ്റ്റത്തിനാണ്. പ്രൊസീജ്യറൽ ഇന്റർവെൻഷൻ വിഭാഗത്തിൽ കൈറ്റ് ഐടി ക്ലബ്, ലിറ്റിൽ കൈറ്റിസ്, ഫസ്റ്റ് ബെൽ ഡിജിറ്റൽ ക്ലാസ് എന്നിവയും ഡെവലപ്മെന്റൽ ഇന്റർവെൻഷൻ വിഭാഗത്തിൽ നമ്മുടെ കോഴിക്കോട്- കോഴിക്കോട് ജില്ലാ ഭരണകൂടവും പുരസ്്കാരത്തിന് അർഹരായി. ഇന്നൊവേറ്റിവ് ആൻഡ് പാർട്ടിസിപ്പേറ്ററി പബ്ലിക് സർവീസ് ഡെലിവറി വിഭാഗത്തിൽ എറണാകുളം മണീട് കുടുംബാരോഗ്യ കേന്ദ്രത്തിനു പ്രത്യേക പുരസ്‌കാരമുണ്ട്. ഇവർക്ക് 2.5 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. 2020ലെ പബ്ലിക് ഡെലിവറി സർവീസ് പുരസ്‌കാരം കെ.എസ്.ഐ.ഡി.സിയുടെ കെസ്വിഫ്റ്റിനാണ്. പേഴ്സണൽ മാനേജ്മെന്റിൽ കിലയുടെ മൂഡിൽ ഓൺലൈൻ ലേണിങ് സംവിധാനം പുരസ്‌കാരം നേടി. ഡിജിറ്റൽ സയൻസ് യൂണിവേഴ്സിറ്റിക്ക് പ്രത്യേക പുരസ്‌കാരവുമുണ്ട്.