സംസ്ഥാനത്ത് 2025ടെ പുതിയ എച്ച്.ഐ.വി ഇന്‍ഫെക്ഷന്‍ ഇല്ലാതാക്കുന്നതിനായിയുള്ള പ്രതിരോധ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന ഒഎസ്ഒഎം (ഓപ്പണ്‍ സ്റ്റേജ് ഓപ്പണ്‍ മൈന്‍ഡ്) ജില്ലാതല ടാലന്റ് ഷോ ആഗസ്റ്റ് രണ്ടിന് പത്തനംതിട്ട ഗീതാജ്ഞലി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍.അനിതകുമാരി. കേരള എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് ജില്ലയിലെ കോളേജ് വിദ്യാര്‍ഥികള്‍ക്കായി ടാലന്റ് ഷോ നടത്തുന്നത്. യുവാക്കള്‍ക്കിടയില്‍ എച്ച്‌ഐവി രോഗ സാധ്യത കൂടുതലാണെന്നിരിക്കെ അവരെ മുന്‍നിര്‍ത്തി എച്ച്‌ഐവി രോഗ പ്രതിരോധ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ടാലന്റ് ഷോയുടെ ലക്ഷ്യം.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുളളവര്‍ ജൂലൈ 29ന് മുമ്പായി റെക്കാര്‍ഡ് ചെയ്ത കലാപ്രകടനങ്ങള്‍ വിദ്യാര്‍ഥിയുടെ പേര്, പഠിക്കുന്ന കോഴ്‌സ്, കോളേജിന്റെ പേര്, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം ptaksacs@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലേക്ക് അയയ്ക്കണം. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആഗസ്റ്റ് രണ്ടിന് നടക്കുന്ന ജില്ലാതല ടാലന്റ് ഷോയില്‍ പങ്കെടുക്കാം.

ഒന്നാം ഘട്ടമായ ജില്ലാതല മത്സരത്തില്‍ ജില്ലയിലെ ഐ.ടി.ഐ, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, പോളിടെക്‌നിക്, പ്രൊഫഷണല്‍ കോളേജ് തുടങ്ങിയ എല്ലാതരം കോളേജുകളില്‍ നിന്നുമുളള വിദ്യാര്‍ഥികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. ജില്ലാതലത്തില്‍ ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 4000, 3000, 1500 രൂപ വീതം കാഷ് അവാര്‍ഡ് ലഭിക്കും. ഒന്നാം സ്ഥാനം ലഭിക്കുന്ന വിദ്യാര്‍ഥിക്ക് അന്താരാഷ്ട്രാ യുവജന ദിനത്തില്‍ സംസ്ഥാന തലത്തില്‍ പങ്കെടുക്കുവാനുളള അവസരം ലഭിക്കും.

മത്സരത്തിന്റെ മാനദണ്ഡങ്ങള്‍ ഇവയാണ്: ഏഴു മിനിട്ട് ദൈര്‍ഘ്യത്തില്‍ കുറയാത്ത വ്യക്തിഗത പ്രകടനങ്ങള്‍ റെക്കോര്‍ഡ് ചെയ്താണ് അയക്കണം. ലഹരി ഉപയോഗവും എച്ച്‌ഐവി അണുബാധയും, എച്ച്‌ഐവി തടയുന്നതില്‍ സ്വമേധയാ ഉളള രക്തദാനത്തിന്റെ പങ്ക്, എച്ച്‌ഐവി ബാധിതര്‍ സമൂഹത്തില്‍ നേരിടുന്ന വിവേചനം എന്നിങ്ങനെ പുതിയ എച്ച്‌ഐവി ബാധിതര്‍ ഇല്ലാത്ത 2025ലേക്ക് എന്ന സംസ്ഥാന എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ പ്രഖ്യാപിത ലക്ഷ്യത്തെ സാധൂകരിക്കുന്ന തരത്തിലുളള വിഷയങ്ങളിലാകണം കലാപ്രകടനങ്ങള്‍ അവതരിപ്പിക്കേണ്ടത്. പാട്ട്, നൃത്തം, സ്റ്റാന്‍ഡ് അപ് കോമഡി, മോണോ ആക്ട് തുടങ്ങിയ കലാമത്സരങ്ങളാണ് സംഘടിപ്പിക്കുന്നത്. എച്ച്‌ഐവി അണുബാധ തടയുക എന്നതാവണം കലാപ്രകടനങ്ങളുടെ സന്ദേശം. വിനോദവും, വിജ്ഞാനവും വസ്തുതയും ഉള്‍ക്കൊളളിച്ചുകൊണ്ടുളള കലാരൂപങ്ങളാകണം അവതരിപ്പിക്കേണ്ടത്. തെരഞ്ഞെടുക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ലാതല  മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. ഫോണ്‍: 9497 709 645, 9496 109 189.