സഹകരണ ബാങ്കുകളിലെ നിക്ഷേപം, വായപാതോത് എന്നിവ വർധിപ്പിക്കുന്നതിന് ജീവനക്കാർ കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കണമെന്ന് സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ പറഞ്ഞു. കേരളത്തിലെ ഒന്നാമത്തെ ബാങ്കായി കേരള ബാങ്കിനെ ഉയർത്തുകയെന്ന ലക്ഷ്യത്തോടെ നടപ്പാക്കിയ ‘ Be the number one’ ക്യാമ്പയിന്റെ ഭാഗമായുള്ള മിനിസ്റ്റെഴ്സ് ട്രോഫി, കഴിഞ്ഞ സാമ്പത്തിക വർഷത്തെ മികച്ച പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്കും അർബൻ ബാങ്കിനുമുള്ള കേരള ബാങ്ക് എക്‌സലൻസ് അവാർഡ് എന്നിവയുടെ വിതരണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങളിലൂടെ മികച്ച മുന്നേറ്റം നടത്താൻ കേരള ബാങ്കിന് സാധിച്ചിട്ടുണ്ട്. പുതു തലമുറ ബാങ്കുകളുമായി കിടപിടിക്കാനാവും വിധം മുന്നോട്ട് വരാൻ കേരള ബാങ്കിന് സാധിക്കുമെന്നതിന്റെ തെളിവായി ഇതിനെ കണക്കാക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രതിസന്ധിഘട്ടങ്ങളിൽ കെ എസ് ആർ ടി സി ഉൾപ്പെടെയുള്ള പല സ്ഥാപനങ്ങളെയും കൈപിടിച്ചുയർത്താൻ കേരള ബാങ്ക് നൽകുന്ന പിന്തുണ പ്രശംസനീയമാണെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു.
സംസ്ഥാനതലത്തിലും ജില്ലാതലത്തിലും വിവിധ വിഭാഗങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച ബാങ്ക് ശാഖകൾക്ക് വേദിയിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്തു. കേരള ബാങ്കിന്റ സോഷ്യൽ മീഡിയ ലോഞ്ചിങ് സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി നിർവഹിച്ചു. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷനായി. കേരള ബാങ്ക് വൈസ് പ്രസിഡന്റ് എം കെ കണ്ണൻ, സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗ്ഗീസ്, സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറി പി എസ് രാജേഷ്, കേരള ബാങ്ക് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ പി എസ് രാജൻ, കേരള ബാങ്ക് ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ വി രവീന്ദ്രൻ, ചീഫ് ജനറൽ മാനേജർ കെ സി സഹദേവൻ എന്നിവർ പ്രസംഗിച്ചു.