കടമ്പനാട് കൃഷിഭവന്‍ സ്മാര്‍ട്ട് കൃഷി ഭവനാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് പറഞ്ഞു. കടമ്പനാട് പഞ്ചായത്ത് 2020-2021, 2021-2022 സാമ്പത്തിക വര്‍ഷം ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൃഷിഭവന്‍ കെട്ടിടത്തിന്റെയും കൃഷിവകുപ്പ് അനുവദിച്ച വിള ആരോഗ്യപരിപാലന കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്കാരന്റെ ആവശ്യങ്ങള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ കൃഷിഗീത പദ്ധതി നടപ്പാക്കി. 14-ാം പഞ്ചവത്സരപദ്ധതിയുടെ  ആസൂത്രണം കൃഷിയിടത്തില്‍ നിന്ന് തുടങ്ങും. കാന്‍സറിന് 20 ശതമാനം കാരണം പുകയില ഉത്പ്പന്നങ്ങള്‍ ആണ്. 35 മുതല്‍ 40 ശതമാനം വരെ കാരണം ഭക്ഷണവും ജീവിതശൈലി രോഗങ്ങളുമാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ അവസ്ഥ മാറേണ്ടത് അത്യാവശ്യമാണ്. കൃഷിയെ രക്ഷപ്പെടുത്താന്‍ എല്ലാവരും പറമ്പിലേക്ക് ഇറങ്ങുകയാണ് വേണ്ടത്. രണ്ട് കോടി രൂപ വരെ ഒരു ശതമാനം പലിശക്ക് സഹകരണ സംഘങ്ങള്‍ വഴി കൃഷി ആവശ്യത്തിന് നല്‍കും. ഏഴു വര്‍ഷമാണ് വായ്പാ കാലാവധിയെന്നും മന്ത്രി പറഞ്ഞു.

കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ എല്ലാവരും കൃഷിയിലേക്ക് ഇറങ്ങണമെന്ന് അധ്യക്ഷത വഹിച്ച ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. അടൂര്‍ മണ്ഡലത്തില്‍ കാര്‍ഷിക വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍. 2018 ലേയും 2019 ലേയും വെള്ളപ്പൊക്കത്തെ അതിജീവിച്ചാണ് കാര്‍ഷിക മേഖല കടന്നു പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി വിവിധ ഇനം തൈകളുടെ വിതരണ ഉദ്ഘാടനം പത്തനംതിട്ട പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എ.ഡി. ഷീല നിര്‍വഹിച്ചു.