പകർച്ചവ്യാധികൾ പരിശോധനയും നിരീക്ഷണവും കൂടുതൽ ശക്തമാക്കും

മന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു

മങ്കിപോക്സിൽ അനാവശ്യ ഭീതി വേണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എല്ലാവർക്കും ഈ രോഗത്തെ പറ്റി അവബോധം ഉണ്ടായിരിക്കണം. പരിശോധനയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഐസൊലേഷൻ സൗകര്യം ലഭ്യമാക്കി. എയർപോർട്ടുകളിൽ ഹെൽപ് ഡെസ്‌ക് ആരംഭിച്ച് സർവയലൻസ് ശക്തമാക്കിയിട്ടുണ്ട്. എല്ലാ ആരോഗ്യ പ്രവർത്തകർക്കും പരിശീലനം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശം നൽകി. മന്ത്രിയുടെ നേതൃത്വത്തിൽ കൂടിയ ഉന്നതതല യോഗത്തിലാണ് നിർദേശം നൽകിയത്.

മഴ തുടരുന്ന സാഹചര്യത്തിൽ എലിപ്പനി, ഡെങ്കിപ്പനി ഏറെ ശ്രദ്ധിക്കണം. വലിയ ജാഗ്രത ഉണ്ടായിരിക്കണം. പനി വന്നാൽ പാരസെറ്റമോൾ കഴിച്ച് വീട്ടിലിരിക്കുന്ന സ്ഥിതി ഉണ്ടാകരുത്. സ്വയം ചികിത്സ പാടില്ല. പനി വന്നാൽ ഏത് പനിയാണെന്ന് ഉറപ്പ് വരുത്തണം. ചെള്ളു പനിയ്ക്കെതിരെ ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ കണ്ടാലുടനെ പരിശോധന നടത്തണം. പകർച്ചവ്യാധി അവബോധം സാധാരണക്കാരിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ ജില്ലകൾ നടത്തേണ്ടതാണ്. സ്വകാര്യ ആശുപത്രികൾ പകർച്ച വ്യാധികൾ ആരോഗ്യ വകുപ്പിന് റിപ്പോർട്ട് ചെയ്യുന്നുണ്ട്. എല്ലാ സ്വകാര്യ ആശുപത്രികളും ഇത് പാലിക്കേണ്ടതാണ്.

കോവിഡ് കേസുകൾ ഉയർന്ന് നിൽക്കുന്ന ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. മരണനിരക്ക് കൂടുതലും പ്രായമായവരിലും അനുബന്ധ രോഗമുള്ളവരിലുമായതിനാൽ അവർ പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും വാക്സിൻ കൃത്യസമയത്ത് എടുക്കണം. കരുതൽ ഡോസ് വാക്സിനേഷനായി ആക്ഷൻ പ്ലാൻ രൂപീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതൽ ഡോസ് എടുക്കാനുള്ളവരും സമയബന്ധിതമായി വാക്‌സിൻ എടുക്കണം. ആരോഗ്യ പ്രവർത്തകരും മുന്നണി പോരാളികളും കരുതൽ ഡോസ് എടുക്കേണ്ടതാണ്.
ജില്ലകൾ തദ്ദേശ സ്ഥാപനങ്ങളുടെ പങ്ക് ഉറപ്പ് വരുത്തി പകർച്ചവ്യാധി പ്രതിരോധം ഊർജിതമാക്കണം. ഇത് പകർച്ചപ്പനി പ്രതിരോധത്തിൽ വളരെ പ്രധാനമാണ്. മണ്ണുമായോ മലിന ജലവുമായോ സമ്പർക്കത്തിൽ വരുന്നവർ എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ നിർബന്ധമായി കഴിക്കണം. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം കൂടി ഉറപ്പ് വരുത്തണമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. രത്തൻ ഖേൽക്കർ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. പിപി പ്രീത, അഡീഷണൽ ഡയറക്ടർമാർ, ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ കളക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവയലൻസ് ഓഫീസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.