സ്ത്രീകൾക്ക് സുരക്ഷിത താമസസൗകര്യം ലഭ്യമാക്കാൻ വനിതാ വികസന കോർപ്പറേഷന് കീഴിൽ പ്രവർത്തിക്കുന്ന ഹോസ്റ്റലുകളാണ് ‘സേഫ് സ്റ്റേ’ എന്നറിയപ്പെടുന്നത്. നിലവിൽ സംസ്ഥാനത്തെ 23 ടൗണുകളിലായി 133 സ്ത്രീകൾക്ക് താമസസൗകര്യം നൽകാൻ സേഫ് സ്റ്റേ പ്രാപ്തമാണ്. വിവിധ ജില്ലകളിലായി, പൂർണമായും വനിതാ വികസന കോർപ്പറേഷനുകീഴിൽ വരുന്ന 9 ഹോസ്റ്റലുകളും ആതുരാശ്രമം ഹോസ്റ്റലുകളിലെ സൗകര്യങ്ങളുമാണ് സേഫ് സ്റ്റേക്ക് കീഴിൽ വരുന്നത്.
പല ആവശ്യങ്ങൾക്കുമായി മറ്റിടങ്ങളിൽ നിന്നെത്തുന്ന സ്ത്രീകൾക്ക് താമസസൗകര്യം ഉറപ്പാക്കുന്ന ഈ ഹോസ്റ്റലുകളിൽ പ്രവേശനം ലഭിക്കാനായി ‘സേഫ് സ്റ്റേ’ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്തുപയോഗിക്കാം. സംസ്ഥാനത്ത് സേഫ് സ്റ്റേ കേന്ദ്രങ്ങൾ എവിടെയെല്ലാമുണ്ടെന്നും ഓരോന്നിലും എങ്ങനെ പ്രവേശനം നേടണമെന്നുമുള്ള വിവരങ്ങൾ മൊബൈൽ ആപ്പിൽ ലഭിക്കും. ഇവിടങ്ങളിൽ പ്രതിദിനം 500 രൂപയിൽ താഴെ ചെലവിൽ താമസം ഉറപ്പാക്കാൻ സാധിക്കും.