വോട്ടെണ്ണൽ  22 ന്

കണ്ണൂർ ജില്ലയിലെ മട്ടന്നൂർ നഗരസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് തീയതി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് 2022 ഓഗസ്റ്റ് 20 നും വോട്ടെണ്ണൽ 22 നും നടക്കും. വിജ്ഞാപനം ജൂലൈ 26 ന് പുറപ്പെടുവിക്കും. അന്നുമുതൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം. ഓഗസ്റ്റ്  രണ്ടു വരെ നാമനിർദ്ദേശ പത്രിക സ്വീകരിക്കും. സൂക്ഷ്മ പരിശോധന മൂന്നിനു നടക്കും. പത്രിക ഓഗസ്റ്റ് അഞ്ചു വരെ പിൻവലിക്കാം.

മട്ടന്നൂർ നഗരസഭാ പ്രദേശത്ത് ഇന്ന് മുതൽ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാക്കിയിട്ടുണ്ട്. കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ വിളിച്ച് ചേർത്ത പത്ര സമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കാര്യപരിപാടി അറിയിച്ചത്.

2020 ഡിസംബറിൽ സംസ്ഥാനത്തെ 1200 തദ്ദേശസ്ഥാപനങ്ങളിൽ മട്ടന്നൂർ നഗരസഭ ഒഴികെ പൊതുതിരഞ്ഞെടുപ്പ് നടന്നിരുന്നു. മട്ടന്നൂർ നഗരസഭയുടെ കാലാവധി 2022 സെപ്റ്റംബർ 10 നാണ് കഴിയുന്നത്.  പുതിയ കൗൺസിലർമാർ സെപ്റ്റംബർ 11 ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

നഗരസഭയിൽ ആകെ 35 വാർഡുകളും 38812 വോട്ടർമാരുമുണ്ട്. 18 വാർഡുകൾ സ്ത്രീകൾക്കും ഒരെണ്ണം പട്ടികജാതിക്കും സംവരണം ചെയ്തിട്ടുണ്ട്.  വോട്ടർമാരിൽ 18200 പുരുഷൻമാരും 20610 സ്ത്രീകളും 2 ട്രാൻസ്‌ജെൻഡറുമുണ്ട്. പോളിംഗിനായി ഓരോ വാർഡിലും ഒരു പോളിംഗ് ബൂത്ത് വീതമുണ്ട്.

1 മുതൽ 18 വരെ വാർഡുകളുടെ വരണാധികാരി കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറും ഉപവരണാധികാരി മുനിസിപ്പൽ എഞ്ചിനീയറുമാണ്. 19 മുതൽ 35 വരെ  വാർഡുകൾക്ക് വരണാധികാരി ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്ററും ഉപവരണാധികാരി മുനിസിപ്പൽ സൂപ്രണ്ടും.

രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെയും ജില്ലാ കളക്ടർ, ജില്ലാ പോലീസ് സൂപ്രണ്ട്, വരണാധികാരികൾ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരുടെയും യോഗം കണ്ണൂർ കളക്ടറേറ്റിൽ തിങ്കളാഴ്ച കമ്മീഷണർ വിളിച്ച് ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തി. സ്ഥാനാർത്ഥികളുടെ സെക്യൂരിറ്റി നിക്ഷേപം 2000 രൂപയാണ്. പട്ടികജാതി, പട്ടിക വർഗ്ഗ വിഭാഗത്തിന് 1000 രൂപാ മതിയാകും.
ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടത്തുക. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനായി ആർ.കീർത്തി ഐ.എഫ്.എസ്‌നെ ഒബ്‌സർവറായി ചുമതലപ്പെടുത്തി. സ്ഥാനാർത്ഥികളുടെ ചെലവ് കണക്ക് നിരീക്ഷിക്കുന്നതിന് രണ്ട് സീനിയർ ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരു സ്ഥാനാത്ഥിക്ക് പരമാവധി ചെലവഴിക്കാവുന്ന തുക 75000 രൂപയാണ്.

അനധികൃത പരസ്യ പ്രചാരണങ്ങൾ മോണിറ്റർ ചെയ്ത് ആവശ്യമായ നടപടികൾ എടുക്കുന്നതിന് തഹസിൽദാരുടെ നേതൃത്വത്തിൽ ആന്റീ ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും.
ക്രമസമാധാനത്തിന് ആവശ്യമായ പോലീസ് വ്യന്യാസം ഉണ്ടാകും. എല്ലാ ബൂത്തിലും വെബ് കാസ്റ്റിംഗും വീഡിയോഗ്രാഫിയും നടത്തും. പ്രശ്‌ന ബാധിത ബൂത്തുകളിൽ പ്രത്യേക സുരക്ഷ ഏർപ്പെടുത്തും.

തിരഞ്ഞെടുപ്പ് പരാതികൾ പരിശോധിക്കുന്നതിന് കളക്ടറുടെ നേതൃത്വത്തിൽ ജില്ലാ മോണിറ്റിംഗ് സെൽ രൂപീകരിച്ചു. എ.ഡി.എം, ജില്ലാ പോലീസ് മേധാവി, ജില്ലാ ഇൻഫർമേഷൻ ഓഫീസർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ  എന്നിവർ അംഗങ്ങളാണ്.

പുതിയ കൗൺസിലിന്റെ ചെയർപേഴ്‌സൺ, ഡെപ്യൂട്ടി ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പിന്നീട് അറിയിക്കും. ആറ് സ്റ്റാന്റിംഗ് കമ്മിറ്റികളിലെ അംഗങ്ങളെയും ചെയർമാൻമാരെയും അതിനുശേഷം തിരഞ്ഞെടുക്കും.