മാനസിക – ബൗദ്ധിക വെല്ലുവിളി നേരിടുന്ന വനിതകൾക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പാക്കുന്ന സംയോജിത പുനരധിവാസഗ്രാമം പദ്ധതിയിലെ ആദ്യ ‘പ്രിയ ഹോം’ ഇന്നു (26 ജൂലൈ) നാടിനു സമർപ്പിക്കും. കൊട്ടാരക്കര വെളിയം കായിലയിലാണു ‘പ്രിയ ഹോം’ ഒരുക്കിയിരിക്കുന്നത്. ഭിന്നശേഷിക്കാരുടെ സമഗ്ര ആരോഗ്യ, വിദ്യാഭ്യാസ, തൊഴിൽ മേഖലകളെ കോർത്തിണക്കിയുള്ള വിപുലമായ പദ്ധതിയാണു സംയോജിത പുനരധിവാസ ഗ്രാമമെന്ന് ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒരു കുഞ്ഞിന്റെ ജനനം മുതൽ മരണം വരെയുള്ള ജീവിതകാലത്ത് ആവശ്യമായി വരുന്ന മുഴുവൻ സംവിധാനവും ഉൾച്ചേർന്നതാകണം പുനരധിവാസ ഗ്രാമമെന്നാണു സാമൂഹ്യ നീതി വകുപ്പിന്റെ കാഴ്ചപ്പാടെന്നും മന്ത്രി പറഞ്ഞു.

ധനമന്ത്രി കെ.എൻ. ബാലഗോപാൽ ‘പ്രിയ ഹോം’ പുനരധിവാസ കേന്ദ്രം ഉദ്ഘാടനം ചെയ്യും. സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അധ്യക്ഷത വഹിക്കും. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി കമലാസനൻ സാമൂഹ്യനീതി വകുപ്പിനു വിട്ടു നൽകിയ സ്ഥലവും കെട്ടിടവും നവീകരിച്ചാണു ‘പ്രിയ ഹോം’ ഒരുക്കിയത്. കമലാസനൻ – സരോജിനി ദമ്പതികളുടെ മാനസിക വെല്ലുവിളി നേരിടുന്ന മകൾ പ്രിയയുടെ സംരക്ഷണാർഥം കൂടിയാണ് ഇവർ സ്ഥലവും കെട്ടിടവും വിട്ടുനൽകിയത്.  മുൻ എം.എൽ.എ. സി.എച്ച്. കണാരന്റെ കൊച്ചുമകളാണു പ്രിയ.

തങ്ങളുടെ കാലശേഷം മക്കളുടെ സംരക്ഷണത്തെച്ചൊല്ലിയുള്ള ആശങ്കയോടെയാണ് ഭിന്നശേഷിക്കാരായ മക്കളുള്ള രക്ഷിതാക്കൾ ജീവിതം കഴിച്ചുകൂട്ടുന്നതെന്നു മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഈ ആശങ്കയ്ക്ക് പരിഹാരം കാണാനുള്ള വിവിധ പ്രവർത്തനങ്ങളിലാണു സർക്കാർ. സാമൂഹ്യാധിഷ്ഠിതമായ പുനരധിവാസപ്രക്രിയകളാണ് ഇതിന് ആവശ്യം. ഈ ലക്ഷ്യം മുൻനിർത്തി, ഒറ്റപ്പെട്ട് കഴിയേണ്ട സ്ഥിതി ഒഴിവാക്കി, സമൂഹത്തിന്റെ ഭാഗമായി, രാജ്യത്തിന്റെ വികസപ്രവൃത്തികളിൽ പങ്കാളികളാവാൻ ഭിന്നശേഷിക്കാരെക്കൂടി പ്രാപ്തരാക്കണമെന്ന കാഴ്ചപ്പാടോടെയാണ് പുനരധിവാസ ഗ്രാമം പദ്ധതി നടപ്പാക്കുന്നത്.

വൈകല്യം മുൻകൂറായി കണ്ടെത്തൽ, ഫിസിയോ തെറാപ്പിയടക്കം തെറാപ്പി സൗകര്യങ്ങൾ, സർജിക്കൽ കണക്ഷൻ, സ്‌പെഷ്യൽ സ്‌കൂൾ കം വിറ്റിസി, ഷെൽട്ടേഡ് വർക്‌ഷോപ്പ്, ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷാകർത്താക്കൾക്കുള്ള താമസസൗകര്യം എന്നിവ പുനരധിവാസ ഗ്രാമം പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. കുറഞ്ഞത് മൂന്ന് ഏക്കറെങ്കിലും സ്ഥലം പ്രയോജനപ്പെടുത്തി, ഈ പ്രവർത്തനങ്ങൾ എല്ലാം ഏറ്റെടുക്കാൻ പര്യാപ്തമായ വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

മാനസിക വെല്ലുവിളി നേരിടുന്ന നൂറു സ്ത്രികൾക്കും ബൗദ്ധിക വെല്ലുവിളി നേരിടുന്ന നൂറു സ്ത്രീകൾക്കും പ്രത്യേകം താമസസൗകര്യം പുനരധിവാസ കേന്ദ്രങ്ങളിലുണ്ടാകും. ശുചിമുറികളോടുകൂടിയുള്ള ഡോർമെറ്ററികൾ, ശുചിമുറികളോടുകൂടിയുള്ള മുറികൾ, പൊതു ശുചിമുറിയോടുകൂടിയുള്ള മുറികൾ എന്നിവ ഇതിനായി ഒരുക്കും.

താമസക്കാർക്ക് ഡൈനിങ്, കാന്റീൻ സൗകര്യങ്ങൾ, തൊഴിൽ പരിശീലനത്തിനും നൈപുണ്യ വികസനത്തിനും പ്രത്യേക സൗകര്യങ്ങളോടുകൂടിയുള്ള കേന്ദ്രങ്ങൾ, കോൺഫറൻസ് റൂമോടു കൂടിയുള്ള പഠന കേന്ദ്രങ്ങൾ, ജീവനക്കാർക്ക് യോഗം ചേരാനുള്ള സൗകര്യത്തോടുകൂടിയ ഓഫീസ് സൗകര്യങ്ങൾ, വിവിധ തരം തെറാപ്പികൾക്കുവേണ്ടിയുള്ള മുറികൾ (സൈക്യാട്രിക്, ഫിസിയോതെറാപ്പി, സ്പീച്ച് സെൻസറി, യോഗ, സംഗീതം), ആംഫി തിയേറ്റർ, വാർഡ്, ഫാർമസി എന്നിവ കേന്ദ്രങ്ങളിലുണ്ടാകും.

വനിതകളുടെ ശാക്തീകരണ പദ്ധതികളിൽ നിർമിക്കപ്പെടുന്ന ഉത്പന്നങ്ങളുടെ വിപണന സൗകര്യങ്ങൾ, ഇൻഡോർ ഗെയിം ഏരിയ, ഔട്‌ഡോർ സ്‌പോർട്‌സ് ഏരിയ, വ്യായാമത്തിനുള്ള സൗകര്യങ്ങൾ, സാമൂഹ്യ ഒത്തുകൂടൽ ഇടം, ടെലിവിഷൻ മുറി, വെയിലേൽക്കാനും ഉണക്കാനിടാനുമുള്ള മുറ്റം, പൂന്തോട്ടം, സ്റ്റോർ മുറി, യൂട്ടിലിറ്റി യാഡ്, വസ്ത്രം അലക്കുന്നതിനുള്ള സൗകര്യം, കുടിവെള്ളത്തിനും മാലിന്യസംസ്‌കരണത്തിനും ഡ്രെയിനേജിനുമുള്ള സംവിധാനം, ഇലക്ട്രിക് റൂം, സെക്യൂരിറ്റി കാബിൻ, അഗ്നിസുരക്ഷാ അലാറം തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഒരുക്കും.

ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള മൂന്നു പുനരധിവാസ ഗ്രാമങ്ങൾ സ്ഥാപിക്കാനാണു സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ ദേശീയതലത്തിൽത്തന്നെ ശ്രദ്ധയാകർഷിക്കാൻ കഴിയുന്ന വിപുലമായ പുനരധിവാസ സൗകര്യങ്ങളോടുകൂടിയ ഒന്നാണ് എൻഡോസൾഫാൻ ദുരിതബാധിതമേഖലയിൽ നിർമിക്കാൻ ഉദ്ദേശിക്കുന്ന പുനരധിവാസ ഗ്രാമം. കാസർഗോഡ് മൂളിയാറിൽ  നിർമിക്കുന്ന പദ്ധതിയിലൂടെ ആദ്യഘട്ട നിർമാണപ്രവർത്തനങ്ങൾക്ക് ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ ക്ലിനിക്കിലെ സൈക്കോളജി ബ്ലോക്കും, കൺസൾട്ടിങ് ആൻഡ് ഹൈഡ്രോ തെറാപ്പി ബ്ലോക്കുമാണ് നിർമിക്കുന്നത്. ഒരു വർഷമാണ് നിർമാണ കാലാവധി.

തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട, മലപ്പുറം ജില്ലയിലെ നിലമ്പൂർ, കൊല്ലം ജില്ലയിലെ പുനലൂർ എന്നിവിടങ്ങളിലും പുനരധിവാസ ഗ്രാമങ്ങൾ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിട്ടുണ്ട്. അസിസ്റ്റീവ് ലിവിങ് സൗകര്യങ്ങളോടെയുള്ള പുനരധിവാസ ഗ്രാമം എന്ന സങ്കൽപ്പം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ യാഥാർഥ്യമാക്കാനാണു സർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.