മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നവീകരണ പ്രവൃത്തികള്‍ ആഗസ്റ്റ് മാസത്തില്‍ തുടങ്ങും. 39 ലക്ഷം രൂപ ചെലവിട്ടുളള നവീകരണ പ്രവൃത്തികളാണ് ആശുപത്രിയില്‍ നടക്കുക. ടോക്കണ്‍ ഏരിയ, വെയ്റ്റിംഗ് ഏരിയ, ലാബ് ഏരിയ എന്നിവ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വികസിപ്പിക്കും. കൂടാതെ ആശുപത്രിയുമായ് ബന്ധപ്പെട്ട മറ്റ് അറ്റകുറ്റപ്പണികളും നവീകരണ പ്രവൃത്തികളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാഷണല്‍ ഹെല്‍ത്ത് മിഷനാണ് ഫണ്ട് അനുവദിച്ചത്. ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് ട്രാവന്‍കൂറിനെയാണ് നിര്‍മ്മാണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. പതിനൊന്ന് മാസത്തിനുള്ളില്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും.
നിലവില്‍ 4 ഡോക്ടര്‍മാരുടെ സേവനം ആശുപത്രിയില്‍ ലഭ്യമാണ്. പാലിയേറ്റീവ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലിയേറ്റീവ് നേഴ്‌സിന്റെയും ഒരു ഫിസിയോതെറാപ്പിസ്റ്റിന്റെയും ഡെന്റല്‍ യൂണിറ്റിന്റെയും സേവനം ആശുപത്രിയില്‍ ലഭ്യമാണ്.കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുഖ്യപങ്കു വഹിച്ച ആശുപത്രിയാണ് പൊരുന്നന്നൂരില്‍ സ്ഥിതി ചെയ്യുന്ന സാമൂഹികാരോഗ്യ കേന്ദ്രം. ഫാമിലി പ്ലാനിംഗ്, സ് കൂള്‍ ഹെല്‍ത്ത് തുടങ്ങി നിരവധി ആരോഗ്യ ബോധവത്ക്കരണ പദ്ധതികളും ആശുപത്രി ഏറ്റെടുത്ത് നടത്തുന്നുണ്ട്.