തിരുവനന്തപുരം: അരുവിക്കര എം.എല്‍.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പ്രതിഭാ സംഗമം- ‘തിളക്കം 2022’ നിയമസഭാ സ്പീക്കര്‍ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഫലമായി സ്വകാര്യ വിദ്യാലയങ്ങളുടെ നിലവാരത്തിലേക്ക് കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ മാറിയെന്ന് സ്പീക്കര്‍ പറഞ്ഞു. ഉയര്‍ന്ന മാര്‍ക്ക് നേടുകയല്ല മികവിന്റെ അടിസ്ഥാനമെന്നും ജീവിത വിജയം നേടുകയാവണം കുട്ടികളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പഠന മികവില്‍ മാത്രമല്ല അടിസ്ഥാന സൗകര്യ വികസനത്തിലും കേരളത്തിലെ സ്‌കൂളുകള്‍ മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്ലസ് ടു പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്ക് നേടിയ കുട്ടികള്‍ക്ക് സ്പീക്കര്‍ പുരസ്‌കാരം നല്‍കി.

അരുവിക്കര മണ്ഡലത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ 365 വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിച്ചു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മണ്ഡലത്തില്‍ നൂറ് ശതമാനം വിജയം നേടിയ ജി.വി.എച്ച്.എസ്.എസ് വീരണകാവ്, ജി.വി.എച്ച്.എസ്.എസ് അരുവിക്കര, ജി.എച്ച്.എസ് ആനപ്പാറ, ജി.എച്ച്.എസ് ചെറ്റച്ചല്‍, പനയ്‌ക്കോട് വി.കെ കാണി ജി.എച്ച്.എസ് എന്നീ സ്‌കൂളുകള്‍ക്കുള്ളില്‍ പ്രത്യേക പുരസ്‌കാരങ്ങളും നല്‍കി. മുഴുവന്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് മൊമന്റോയും പുസ്തകങ്ങളും  വിതരണം ചെയ്തു. മണ്ഡലത്തിലെ വിവിധ സ്‌കൂളുകളില്‍ പഠിച്ചതും മണ്ഡലത്തില്‍ സ്ഥിരതാമസമുള്ള മറ്റ് സ്‌കൂളില്‍ പഠിച്ച് വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുമാണ് പുരസ്‌കാരം നല്‍കിയത്.

ആര്യനാട് വി കെ ആഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജി.സ്റ്റീഫന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. പങ്കജകസ്തൂരി മാനേജിംഗ് ഡയറക്ടര്‍ ജെ. ഹരീന്ദ്രന്‍ നായര്‍ മുഖ്യാതിഥിയായിരുന്നു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, വിവിധ സ്‌കൂള്‍ അധ്യാപകര്‍, പി.ടി.എ ഭാരവാഹികള്‍, രക്ഷിതാക്കള്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരും പങ്കെടുത്തു.