ശ്യാമപ്രസാദ് മുഖര്‍ജി റൂര്‍ബന്‍ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് മുഖേന
താനാളൂര്‍ ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ നിര്‍മാണോദ്ഘാടനം ഫിഷറീസ്-കായിക-ഹജ്ജ്-വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു. കേരളാധീശ്വരപുരം വീവേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സ്പിന്നിങ് മില്‍ കെട്ടിടത്തിന്റെയും പട്ടികജാതി വിഭാഗത്തിലെ വനിതാ സ്വയം സഹായ സംഘത്തിനുള്ള കാന്റീന്‍ കെട്ടിടം, ഡി.ടി.പി കം സിറ്റിസണ്‍ സര്‍വീസ് സെന്ററിന്റെ പുനരുദ്ധാരണ പ്രവൃത്തി എന്നിവയുടെ ഉദ്ഘാടനമാണ് മന്ത്രി നിര്‍വഹിച്ചത്. താനാളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മല്ലിക ടീച്ചര്‍ അധ്യക്ഷയായി.

സ്പിന്നിങ് മില്ലിന്റെ നിലവിലെ ഓഫീസ് കെട്ടിടം പൊളിച്ച് പുതിയ കെട്ടിടം നിര്‍മിക്കുന്നതോടൊപ്പം ഹാളിന്റെ മേല്‍ക്കൂരയും പുതിയ ഡൈയിങ് യൂണിറ്റും നിര്‍മിക്കും. പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായി 75 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. കൂടാതെ പട്ടികജാതി വിഭാഗത്തിലെ വനിതാ സ്വയം സഹായ സംഘത്തിന് പുതിയ കാന്റീന്‍ കെട്ടിടം നിര്‍മിക്കുന്നതിനും നിലവിലുള്ള ഡി.ടി.പി സെന്റര്‍ പുതുക്കിപ്പണിയുന്നതിനുമായി 20 ലക്ഷം രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്.

ജില്ലാ പി.എ.യു പ്രൊജക്റ്റ് ഡയറക്ടർ ജി.സുധാകരൻ മുഖ്യാതിഥിയായി. ഹാർബർ എഞ്ചിനീയറിങ് ഉത്തരമേഖല സൂപ്രണ്ടിങ് എഞ്ചിനീയർ കുഞ്ഞിമ്മു പറവത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. താനാളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അബ്ദുറസാഖ്, ജില്ലാ പഞ്ചായത്ത് അംഗം വി.കെ.എം.ഷാഫി, താനാളൂർ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ അമീറ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഖാദർകുട്ടി വിഷാരത്ത്, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കെ.എസ് ശിവകുമാർ, പഞ്ചായത്ത് അംഗങ്ങളായ ഫാത്തിമ ബീവി, കെ.വി.ലൈജു, കെ.പുരം വീവേഴ്സ് ഇൻഡസ്ട്രിയൽ കോ-ഓപ് സൊസൈറ്റി പ്രസിഡൻ്റ് അനിൽ, ഹരിജൻ വനിത സ്വയം സഹായ സംഘം പ്രസിഡൻ്റ് കെ.പി.പങ്കജം, മറ്റു രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവർ പങ്കെടുത്തു.