കാർബൺ രഹിത കൃഷിയിടം എന്ന ലക്ഷ്യത്തോടെ വടക്കാഞ്ചേരി നിയോജകമണ്ഡലത്തിലെ കോൾപാടങ്ങളിൽ ഉപയോഗിക്കുന്ന കാർഷിക കണക്ഷനുള്ള പമ്പുകൾ സോളാറൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് സേവ്യർ ചിറ്റിലപ്പള്ളി എം എൽ എയുടെ അധ്യക്ഷതയിൽ അടാട്ട് ഫാർമേഴ്‌സ് ബാങ്ക് ഹാളിൽ ആലോചനാ യോഗം ചേർന്നു. തോളൂർ, അടാട്ട്, കൈപ്പറമ്പ് ഗ്രാമപഞ്ചായത്തുകളിലെ കോൾ പാടങ്ങളിലെ 50 എച്ച് പി വരെയുള്ള പമ്പുകളിൽ ഗ്രിഡ് ബന്ധിത സോളാർ പവർ പ്ലാന്റ് സബ്സിഡിയോടുകൂടി സ്ഥാപിക്കുന്നതിനാണ് പദ്ധതിയിലൂടെ ലക്ഷ്യംവെക്കുന്നത്. ജൂലായ് 26,27 തീയതികളിലായി അനെർട്ട്, കെ.എൽ.ഡി.സി, കെഎസ്ഇബി, കൃഷി വകുപ്പ് എന്നീ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സോളാർ പവർ പ്ലാൻ്റ് സ്ഥാപിക്കുവാനുള്ള സാധ്യത പഠനം നടത്തുന്നതാണ്. അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സിമി അജിത്ത് കുമാർ, തോളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ ജി പോൾസൺ, കൃഷി ഓഫീസർമാർ, കെ എസ് ഇ ബി ഉദ്യോഗസ്ഥർ, കോൾപടവ് കമ്മിറ്റി ഭാരവാഹികൾ, സഹകരണ ബാങ്ക് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു. അനർട്ട് ഡിസ്ട്രിക്റ്റ് എഞ്ചിനീയർ കെ എ പ്രിയേഷ് പദ്ധതി വിശദീകരണം നടത്തുകയും, പദ്ധതിയെപ്പറ്റി ഉയർന്നുവന്ന ചോദ്യങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. കൃഷി വകുപ്പ് അസിസ്റ്റൻ്റ് ഡയറക്ടറും റീബിൽഡ് കേരള ഇനീഷ്യേറ്റീവ് തൃശ്ശൂർ – പൊന്നാനി കോൾ പ്രൊജക്ട് കൺവീനറുമായ എ ജെ വിവൻസി പദ്ധതി വിശദീകരണം നടത്തിക്കൊണ്ട് സംസാരിച്ചു.

കോൾപാടങ്ങളിൽ പമ്പ് സെറ്റുകൾ പ്രവർത്തിക്കുന്നതിനും അധിക വൈദ്യുതി ഉൽപാദിപ്പിച്ച് കെ എസ് ഇ ബി യ്ക്ക് നൽകുന്നതിനുമാണ് പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത്. കോൾപടവുകളിൽ സോളാർ പവർ പ്ലാൻ്റുകൾ സ്ഥാപിക്കുന്നതിനെ സ്വാഗതം ചെയ്യുന്നതായി കോൾ പടവ് കമ്മിറ്റികളുടെ ഭാരവാഹികൾ അറിയിച്ചു. തുടർന്ന് പദ്ധതി നടപ്പിലാക്കുന്നതിനായി അനർട്ടിൻ്റെ നേതൃത്വത്തിൽ കൃഷി വകുപ്പ് ഉദ്യോഗസ്ഥരുമായി സഹകരിച്ച് ജൂലൈ 26, 27 തിയ്യതികളിൽ ഫീൽഡ് വിസിറ്റ് നടത്തി പഠനം നടത്തി വിശദമായ പ്രൊജക്റ്റ് റിപ്പോർട്ട് ആഗസ്റ്റ് 1 ന് മുമ്പായി തയ്യാറാക്കി വൈദ്യുതി മന്ത്രിയ്ക്ക് സമർപ്പിക്കുന്നതിനായി യോഗം തീരുമാനിച്ചു. പദ്ധതി നടപ്പിലാക്കാനായാൽ ഊർജ്ജക്ഷാമം പരിഹരിച്ച് വികസനം മുന്നോട്ടുകൊണ്ടുപോകുവാൻ പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളെ ഉപയോഗപ്പെടുത്തുന്നതിൽ കോൾപാടങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തുന്ന പൈലറ്റ് പദ്ധതിയായി വടക്കാഞ്ചേരി മണ്ഡലത്തിലെ പ്രസ്തുത പദ്ധതി മാറുമെന്ന് സേവ്യർ ചിറ്റിലപ്പിള്ളി എം എൽ എ പറഞ്ഞു.