മാറുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസ രംഗത്തും മാറ്റങ്ങൾ സൃഷ്ടിക്കേണ്ടതുണ്ടെന്ന് ദേവസ്വം പിന്നാക്ക വികസന ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. രാജ്യത്തെ പകുതിയോളം വരുന്ന ജനതയ്ക്ക് സ്വന്തം പേര് എഴുതാൻ അറിയാത്ത കാലഘട്ടത്തിലാണ് കേരളം സമ്പൂർണ സാക്ഷരത കൈവരിച്ചതെന്നും മന്ത്രി ഓർമ്മിപ്പിച്ചു. സാമൂഹിക, സാംസ്കാരിക, വൈജ്ഞാനിക മേഖലകളിൽ ഒട്ടേറെ പ്രതിഭകളെ സമ്മാനിച്ച് നൂറുവർഷം പിന്നിട്ട കയ്പമംഗലം ഗവൺമെന്റ് ഫിഷറീസ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിന്റെ പുതിയ ഹൈടെക് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും പരിതാപകരമായിരുന്ന അവസ്ഥയിൽ നിന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ നിലവാരം ഉയർത്താൻ അനുയോജ്യമായ ഇടപെടലുകൾ നടത്താൻ സർക്കാരിന് സാധിച്ചു. മഹാഭൂരിപക്ഷത്തിനും വിദ്യാഭ്യാസത്തിനുള്ള അവസരം നൽകാനും
അറിവിലൂടെ എപ്രകാരം സമൂഹത്തിൽ മാറ്റം സൃഷ്ടിക്കാനാകുമെന്ന് തെളിയിച്ച സംസ്ഥാനമാണ് കേരളമെന്ന് മന്ത്രി പറഞ്ഞു.
സമൂഹത്തിലെ താഴെ തട്ടിലുള്ള വിദ്യാർത്ഥികൾക്ക് കൂടി ആധുനിക സൗകര്യത്തോടെ പഠിക്കാനുള്ള അവസരം ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ
പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച രണ്ട് കോടി ചെലവഴിച്ച് മൂന്ന് നിലകളിലായാണ് ഹൈടെക് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ അധ്യക്ഷതയിൽ സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ വി വല്ലഭൻ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ എസ് ജയ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി എം അഹമ്മദ്, മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ ഗിരിജ, കയ്പമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭന രവി, വി.എച്ച്.എസ്.ഇ. അസിസ്റ്റന്റ് ഡയറക്ടർ ലിസി ജോസഫ്, തൃശൂർ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ത്രിതല പഞ്ചായത്ത് പ്രസിഡന്റമാർ, ജനപ്രതിനിധികൾ,പൂർവ്വ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.