കുംടുംബശ്രീ ഉൽപന്ന വിപണന മേളയായ ‘കർക്കിടക ഫെസ്റ്റിന്’ കൊടകരയിൽ തുടക്കം. സ്റ്റാർട്ട് അപ്പ് വില്ലേജ് എന്റർ പ്രണർഷിപ്പ് പ്രോഗ്രാം സേവിക ബിസിനസ് കൺസൾട്ടൻസിയുടെ നേതൃത്വത്തിലാണ് കർക്കിടക ഫെസ്റ്റ് നടത്തുന്നത്. മൂന്ന് ദിവസങ്ങളായി നടക്കുന്ന മേളയുടെ ഉദ്ഘാടനം കൊടകര പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമൻ നിർവഹിച്ചു.

കൊടകര ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള ഏഴ് പഞ്ചായത്തുകളിലെ 20 യൂണിറ്റുകളാണ് മേളയിൽ പങ്കെടുക്കുന്നത്. കുടുംബശ്രീ അംഗങ്ങൾ ഉണ്ടാക്കിയ ഔഷധ കഞ്ഞി മരുന്ന്, അച്ചാറുകൾ, ആട്ടിയ വെളിച്ചെണ്ണ, മസാല പൊടികൾ, തുടങ്ങി 30 ഓളം സാധനങ്ങളാണ് വിൽപനക്കായി ഒരുക്കിയത്. കൂടാതെ 50 രൂപ നിരക്കിൽ കർക്കിടക കഞ്ഞി വിതരണം ചെയ്യുന്നുണ്ട്.

കുടുംബശ്രീ ജില്ലാ മിഷൻ്റെ കീഴിൽ കൊടകര ബ്ലോക്കിൽ പ്രവർത്തിച്ചു വരുന്ന ബിസിനസ് കൺസൾട്ടൻസി ഗ്രൂപ്പാണ് സേവിക.
കൊടകര പഞ്ചായത്ത് ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ജോയ് നെല്ലിശ്ശേരി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സെക്രട്ടറി കെ. അജിത,
വി. ഇ. ഒ. രാധാകൃഷ്ണൻ കെ, ഡി. പി.എം. മഞ്ചിഷ് വി.എം.ൾ, കൊടകര കുടുംബശ്രീ ചെയർ പേഴ്സൺ എ.ആർ. രാജേശ്വരി, അസിസ്റ്റന്റ് സെക്രട്ടറി പി.ആർ. ഉഷ തുടങ്ങിയവർ സംസാരിച്ചു.