റാന്നി മണ്ഡലത്തിന്റെ സമഗ്ര വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കി നടപ്പിലാക്കുന്ന നോളജ് വില്ലേജെന്ന പദ്ധതി കേരളത്തിനാകെ മാതൃകയാണെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. റാന്നി ഇടമുറി ഗവണ്‍മെന്റ് എച്ച്എസ്എസില്‍ കിഫ്ബി ഫണ്ടില്‍ നിന്നും മൂന്നു കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഹൈടെക് സ്‌കൂള്‍ കെട്ടിട ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റാന്നി എംഎല്‍എ അഡ്വ.പ്രമോദ് നാരായണന്റെ നേതൃത്തില്‍ നടപ്പിലാക്കുന്ന നോളജ് വില്ലേജിന്റെ ഭാഗമായി ആരംഭിക്കുന്ന സ്‌കില്‍ ഹബ്ബിനായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ 10 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. നൈപുണ്യ വികസനം ലക്ഷ്യമാക്കി ആരംഭിക്കുന്ന സ്‌കില്‍ ഹബ്ബ് വിദ്യാഭ്യാസ, തൊഴില്‍ വകുപ്പുകള്‍ സംയുക്തമായിട്ടാണ് നടപ്പിലാക്കുന്നത്. നോളജ് വില്ലേജിന്റെ ഭാഗമായ ഈ പദ്ധതിയിലൂടെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അടച്ചു പൂട്ടലിന്റെ വക്കില്‍ നിന്നും പൊതുവിദ്യാഭ്യാസ രംഗത്തെ രക്ഷിക്കുക എന്ന ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുത്തതെന്നും അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ പാഠ്യ പരിഷ്‌കരണം മാതൃകയാണെന്നും മന്ത്രി പറഞ്ഞു. നവ കേരള മിഷന്റെ ഭാഗമായി തുടക്കമിട്ടതാണ് സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ യജ്ഞം. പൊതു വിദ്യാഭ്യാസ യജ്ഞത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മികവാര്‍ന്ന രീതിയിലേക്ക് മാറ്റുന്നതിനൊപ്പം വിദ്യാഭ്യാസ രീതിയില്‍ പുതിയ ആശയങ്ങള്‍ അവലംബിക്കുക എന്നതാണെന്നും മന്ത്രി പറഞ്ഞു.

അറിവിന്റെ പ്രകാശം വരും കാല തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ വിദ്യാലയങ്ങള്‍ക്ക് സാധിക്കണമെന്ന് അധ്യക്ഷത വഹിച്ച അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ പറഞ്ഞു. വിദ്യാലയങ്ങള്‍ ആരാധാനാലയങ്ങള്‍ പോലെയാണെന്നും പുതിയ സമൂഹം സൃഷ്ടിച്ചെടുക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് സാധിക്കുമ്പോഴാണ് വിദ്യാഭ്യാസം അര്‍ത്ഥവത്താകുന്നതെന്നും എംഎല്‍എ പറഞ്ഞു.
വിദ്യാലയത്തിലെ ഹൈ ടെക്ക് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. മികച്ച പശ്ചാത്തല സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കുമ്പോള്‍ വിദ്യാര്‍ഥികള്‍ അവ പ്രയോജനപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതല്‍ വിദ്യാര്‍ഥികളെ വിദ്യാലയത്തിലേക്ക് ആകര്‍ഷിക്കാനുള്ള ശ്രമഫലങ്ങള്‍ മുന്നേറണമെന്ന് മുഖ്യാതിഥിയായ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. പുറം ലോകത്തെ സുന്ദരമായ കാഴ്ചകള്‍ ജീവിതത്തിന് മുതല്‍ക്കൂട്ടാവുന്നത് വിദ്യാഭ്യാസ കാലഘട്ടത്തിലാണെന്നും കളക്ടര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു.