അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രക്രിയയുടെ ഭാഗമായി നാല് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്യം ഇല്ലാതാക്കാന്‍ ലക്ഷ്യമിട്ടുളള സംസ്ഥാന സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ വിജയകരമായി നടത്തുന്നതിനായി ജില്ലാതല റിസോഴ്സ് പേഴ്സണ്‍മാര്‍ക്ക് പരിശീലനം നല്‍കി. തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.ജയരാജന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രൊജക്റ്റ് ഡയറക്ടര്‍ പി.സി.മജീദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ വാസു പ്രദീപ്, കില റിസോഴ്‌സ് പേഴ്‌സണ്‍മാരായ ഷാനിബ്, ജുബൈര്‍ എന്നിവര്‍ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കി.
വയനാട് ജില്ലയില്‍ 2931 പേരെയാണ് അതിദരിദ്രരായി കണ്ടെത്തിയിട്ടുള്ളത്. ഇവര്‍ക്കുളള മൈക്രോ പ്ലാന്‍ റിസോഴ്‌സ് പേഴ്‌സണ്‍മാരുടെ സഹായത്തോടെ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്. അതിദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് ആവശ്യമായി സേവനങ്ങളും സൗകര്യങ്ങളും ആനുകൂല്യങ്ങളും നല്‍കുന്നതോടൊപ്പം ഓരോ കുടുംബത്തിന്റെയും മൈക്രോ പ്ലാന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തനങ്ങളും തദ്ദേശ സ്ഥാപനതലത്തില്‍ നടക്കും.