ഇതുവരെ അംഗീകാരം ലഭിച്ചത് 33 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതികൾക്ക്

സര്‍ക്കാര്‍ നിര്‍ദേശിച്ച മാര്‍ഗരേഖ അനുസരിച്ച് ജില്ലയിലെ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 2022-23 വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. കഴിഞ്ഞ ആസൂത്രണസമിതിയില്‍ 21 തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നു. തുമ്പമണ്‍, മെഴുവേലി, മല്ലപ്പുഴശേരി, തോട്ടപ്പുഴശേരി, റാന്നി-പെരുനാട്, റാന്നി-അങ്ങാടി, ഓമല്ലൂര്‍, ഇരവിപേരൂര്‍, ചെന്നീര്‍ക്കര, കുളനട, വള്ളിക്കോട്, മലയാലപ്പുഴ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പദ്ധതികളാണ് അംഗീകരിച്ചത്. വാര്‍ഷിക പദ്ധതി പ്രോജക്ടുകള്‍ക്ക് അംഗീകാരം ലഭിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് തുടര്‍നടപടിയിലേക്ക് കടക്കണമെന്നും പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍ദേശിച്ചു. നിര്‍മല ഗ്രാമം, നിര്‍മല നഗരം, നിര്‍മല ജില്ല എന്ന പദ്ധതി വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. പ്രളയബാധിത പ്രദേശങ്ങളില്‍ ദുരന്തനിവാരണ ഉപകരണങ്ങള്‍ വാങ്ങുന്നതിനുള്ള തുകയും ജലജീവന്‍ മിഷന് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന പദ്ധതിയും വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

ജനജാഗ്രതാസമിതികള്‍ കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. ജലജീവന്‍ മിഷന്‍ പദ്ധതി നടത്തിപ്പിന് ആവശ്യമായ സ്വകാര്യ ഭൂമി ഏറ്റെടുത്ത് നല്‍കേണ്ട സ്ഥലങ്ങളില്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തുകള്‍ അടിയന്തിരമായി നടപടി പൂര്‍ത്തിയാക്കണമെന്നും ഗോത്രസാരഥി പദ്ധതി കുറച്ച് കൂടി വിശാലമായ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി. മാത്യു, അസിസ്റ്റന്റ് ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.