സമ്പൂര്‍ണ വൈദ്യുതവത്ക്കരണമെന്ന നേട്ടം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ സ്വന്തമാക്കിയ സംസ്ഥാനമാണ് കേരളമെന്ന് ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവര്‍ @2047 വൈദ്യുതി മഹോത്സവം  പരിപാടിയുടെ ഉദ്ഘാടനം മണ്ണടി വേലുത്തമ്പി ദളവ സ്മാരകത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഊര്‍ജ മേഖലയില്‍ കൈവരിച്ചിരിക്കുന്ന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരമൊരു പരിപാടി രാജ്യത്തുടനീളം സംഘടിപ്പിക്കുന്നത്. കേന്ദ്രം മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യങ്ങളെല്ലാം വര്‍ഷങ്ങള്‍ക്ക് മുന്‍പേ നേടിയ സംസ്ഥാനമാണ് കേരളം എന്ന കാര്യത്തില്‍ ഏറെ അഭിമാനമുണ്ട്. ഊര്‍ജം മനുഷ്യജീവിതത്തില്‍ ഏറ്റവും പ്രധാന പങ്ക് വഹിക്കുന്ന ഒന്നാണ്. ഗുണമേന്മയുള്ള ഊര്‍ജം ജനങ്ങള്‍ക്ക് എത്തിക്കുകയെന്നത് ലക്ഷ്യമിട്ട് വൈദ്യുത വകുപ്പ് മെച്ചപ്പെട്ട നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും വൈദ്യുതി എത്താത്ത മേഖലകളിലും പാരമ്പര്യേതര വൈദ്യുതി എത്തിച്ചിട്ടുണ്ട് എന്നത് ഏറ്റവും വലിയ കാര്യമാണെന്നും ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു.

ഇതോടനുബന്ധിച്ച് ഊര്‍ജ രംഗത്തെ നേട്ടങ്ങള്‍ സംബന്ധിച്ച വീഡിയോ പ്രദര്‍ശനവും എക്‌സിബിഷനും മറ്റ് കലാപരിപാടികളും നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍പിള്ള അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഡി. സജി, അഡിഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ബി.രാധാകൃഷ്ണന്‍, പന്തളം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സുശീല സന്തോഷ്, കുളനട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനില്‍, കടമ്പനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്ക പ്രതാപ്, ജില്ലാ പഞ്ചായത്ത് അംഗം സി കൃഷ്ണകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിബു, ഗ്രാമപഞ്ചായത്ത് അംഗം ഷീജാ ഷാനവാസ്, പിഎഫ്‌സി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ വി. പാക്കിരി സ്വാമി, ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ വി.എന്‍ പ്രസാദ്,  കെഎസ്ഇബിഎല്‍ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അനി. എന്‍. രാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.