ഗുരു ഗോപിനാഥ് നടന ഗ്രാമത്തിൽ ജൂലൈ 29 മുതൽ ഓഗസ്റ്റ് ഒന്നുവരെ ‘വരവിളി’ എന്ന പേരിൽ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പൈതൃക പഠനവും, ശാസ്ത്രീയ കലകളും, ആസ്വാദനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സാംസ്‌കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമവും തെയ്യം കലാ അക്കാദമിയും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാവിലെ 11.30 ന് പ്രശസ്ത ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പരിപാടി  ഉദ്ഘാടനം ചെയ്യും. തെയ്യം കലയെ അടിസ്ഥാനമാക്കി മ്യൂറൽ പെയ്ന്റിങ്, ചിത്ര രചനാ ക്യാംപ്, ഫൊട്ടോഗ്രഫി പ്രദർശനം, ഡോക്യുമെന്ററി പ്രദർശനം, മുഖത്തെഴുത്ത് ശിൽപശാല, തോറ്റം പാട്ട് ശിൽപശാല, നാടൻപാട്ട് ശിൽപശാല, അണിയലക്കാഴ്ചകൾ എന്നിവയാണ് ഒരുക്കിയിട്ടുള്ളത്.
എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ സാംസ്‌കാരിക സമ്മേളനവും കലാവിരുന്നും അരങ്ങേറും. സാംസ്‌കാരിക സമ്മേളനങ്ങളുടെ ഉദ്ഘാടനം 29നു വൈകിട്ട് ഏഴിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവ്വഹിക്കും. ഓഗസ്റ്റ് ഒന്നിനു നടക്കുന്ന സമാപന സമ്മേളനം സാംസ്‌കാരിക മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജു തുടങ്ങിയവർ വിവിധ ദിവസങ്ങളിൽ പരിപാടിയിൽ പങ്കെടുക്കും.
‘വരവിളി’യുടെ ഭാഗമായി ജൂലൈ 31 നു  രാവിലെ 10 മണിക്ക് ചിത്രരചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. രാവിലെ ഒൻപതു മണിക്ക് നടന ഗ്രാമത്തിൽ സ്‌പോട് രജിസ്ട്രേഷൻ ആരംഭിക്കും. നാലു വയസുമുതൽ 16 വയസുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. താല്പര്യമുള്ളവർ  0471-2364771, 9496653573 എന്ന നമ്പറിൽ ബന്ധപ്പെടണം.