കേരളം ഒരു നവവൈജ്ഞാനിക കേന്ദ്രമായി മാറുകയാണെന്ന് ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. തിരുവനന്തപുരത്തെ പൂജപ്പുര എൽബിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ സെന്ററിന്റെ നിയന്ത്രണത്തിൽ ആരംഭിച്ച വൈകല്യപഠന ഗവേഷണകേന്ദ്രമായ  സെന്റർ ഓഫ്    എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കലാലയങ്ങൾ, സർവകലാശാലകൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ ഉല്പാദിപ്പിക്കുന്ന നൂതന അറിവുകളെ സാമൂഹിക പ്രതിബദ്ധതയുള്ള പദ്ധതികളായി മാറ്റുകയാണ് സർക്കാർ ചെയ്യുന്നതെന്ന്  മന്ത്രി വ്യക്തമാക്കി.
എൽബിഎസ് വനിത എൻജിനിയറിങ് കോളേജിൽ പുതിയതായി ആരംഭിക്കുന്ന ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിങ് പ്രോഗ്രാമിന്റെ ഔദ്യോഗിക പ്രഖ്യാപനവും മന്ത്രി.ബിന്ദു നിർവ്വഹിച്ചു.
2021-22 പ്ലാൻ ഫണ്ടിൽ നിന്നും 23 ലക്ഷം രൂപയോളം ചെലവഴിച്ചാണ്  സി.ഇ.ഡി.എസ്. കെട്ടിടം നവീകരിച്ചത്.
അപ്ലൈഡ് ഇലക്ട്രോണിക്‌സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ കോഴ്‌സിനു പകരമായാണ്  ഇലക്ട്രോണിക്‌സ് ആൻഡ് കമ്പ്യൂട്ടർ എൻജിനിയറിങ് എന്ന പുതിയ കോഴ്സ് ആരംഭിക്കുന്നത്.
സിഇഡിഎസിലെ ഭിന്നശേഷി വിദ്യാർത്ഥികളുടെ കോഴ്‌സ് സർഫിക്കറ്റുകളും മന്ത്രി വിതരണം  ചെയ്തു.
തിരുവനന്തപുരം നഗരസഭാ മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷയായിരുന്ന ചടങ്ങിൽ എൽബിഎസ് ഡയറക്ടർ ഡോ. എം. അബ്ദുൾ റഹിമാൻ, സിഇഡിഎസ് ഡയറക്ടർ ഇൻ ചാർജ് ഡോ നവീൻ എസ്, എൽബിഎസ് വനിതാ എൻജിനിയറിങ് കോളേജ് പ്രിൻസിപ്പൽ ഡോ ജയമോഹൻ. ജെ,  തുടങ്ങിയവർ പങ്കെടുത്തു.