കനത്ത മഴയില്‍ നിറഞ്ഞ കാരാപ്പുഴ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞെന്ന വാര്‍ത്ത പരന്ന നിമിഷങ്ങള്‍ക്കുള്ളില്‍ അണക്കെട്ടും പരിസരവും ഭീതിയിലായി. അധികമാരും എത്താന്‍ മടിക്കുന്ന അണക്കെട്ടിന്റെ മദ്ധ്യഭാഗത്തായി മറിഞ്ഞ ബോട്ടും വെള്ളത്തിലേക്ക് ചിതറിയ ആളുകളെയും ദൂരെ നിന്നും കണ്ടതോടെ കരയിലുള്ളവര്‍ക്കും ആധിയായി. വിവരമറിഞ്ഞ് അഗ്നി രക്ഷാസേനയും അതിന് പിറകെ എന്‍.ഡി.ആര്‍.എഫ് ടീം അംഗങ്ങളും ദുരന്തമുഖത്തേക്ക് കുതിച്ചെത്തി. അപായ സൈറന്‍ മുഴക്കി ആംബുലന്‍സും അണക്കെട്ടിന്റെ തീരത്തെത്തിയതോടെ വലിയ ദുരന്തത്തിന്റെ ഞെട്ടലിലായി നിമിഷങ്ങള്‍ക്കകം കാരാപ്പുഴയുടെ പരിസരം മുഴുവന്‍. കനത്ത മഴയില്‍ നിറഞ്ഞ അണക്കെട്ടിന് നടുവിലേക്ക് ആരാണ് ഈ സമയം ബോട്ടില്‍ പോയതെന്നായിരുന്നു വിവരമറിഞ്ഞ് ഓടിക്കൂടിയ പ്രദേശവാസികളുടെ ആദ്യ അന്വേഷണം.

ദേശീയ ദുരന്ത നിവാരണ സേന എന്‍.ഡി.ആര്‍.എഫിന്റെ നേതൃത്വത്തില്‍ കാരാപ്പുഴ അണക്കെട്ട് പരിസരത്ത് ബുധനാഴ്ച രാവിലെ പതിനൊന്നോടെ നടന്ന മോക്ക് ഡ്രില്ലാണ് ഉദ്വേഗ നിമിഷങ്ങളുടെയും രക്ഷാപ്രവര്‍ത്തന ദൗത്യത്തിന്റെയും വേറിട്ട കാഴ്ചകളായത്. രക്ഷാപ്രവര്‍ത്തന മുന്നൊരുക്കം പരിശോധിക്കാനായി ജില്ലാ ഭരണകൂടം എന്‍.ഡി.ആര്‍.എഫ്, അഗ്നി രക്ഷാ സേന, പോലീസ്, ആരോഗ്യവകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവരുമായി ചേര്‍ന്ന് കാരാപ്പുഴയില്‍ മോക് ഡ്രില്‍ നടത്തിയത്. ജില്ലയില്‍ മുന്‍ വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി വെള്ളപ്പൊക്കവും മറ്റ് പ്രകൃതി ദുരന്തങ്ങളും ഉണ്ടാകുന്നതിനാല്‍ ഇത്തരം സാഹചര്യങ്ങളില്‍ അടിയന്തര രക്ഷാപ്രവര്‍ത്തനത്തിനായി സേനയെ സജ്ജമാക്കുന്നതിന്റെ ഭാഗമായിരുന്നു മോക് ഡ്രില്‍.
ബോട്ട് മറിഞ്ഞാല്‍ നടത്തേണ്ട രക്ഷാപ്രവര്‍ത്തനവും ഒറ്റപ്പെട്ട തുരുത്തില്‍ അകപ്പെട്ടവരെ രക്ഷപ്പടുത്തുന്നതുമാണ് മോക്ഡ്രില്ലില്‍ അവതരിപ്പിച്ചത്. ദുരന്ത സാഹചര്യങ്ങളിലെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍, മുന്നൊരുക്കങ്ങള്‍ അടിയന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ മോക്ക് ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയിരുന്നു. പൊതുജനങ്ങളില്‍ രക്ഷാപ്രവര്‍ത്തന ബോധവത്ക്കരണം നടത്തുന്നതിന്റെ ഭാഗമായാണ് മോക്ക്ഡ്രില്‍ സംഘടിപ്പിച്ചതെന്ന് രക്ഷാപ്രവര്‍ത്തനത്തിന്റെ ഇന്‍സിഡന്റ് കമാന്‍ഡറായി പ്രവര്‍ത്തിച്ച വൈത്തിരി തഹസിദാര്‍ ടോമിച്ചന്‍ ആന്റണി പറഞ്ഞു.

ബോട്ട് മറിഞ്ഞ് വെള്ളത്തിലകപ്പെട്ട 6 പേര്‍, ഒറ്റപ്പെട്ട തുരുത്തില്‍ അകപ്പെട്ട 2 പേര്‍ വെള്ളത്തിലകപ്പെട്ട ഒരാള്‍ എന്നിവരെ 3 ബോട്ടുകളിലായെത്തിയ എന്‍.ഡി.ആര്‍.ഫ്, സിവില്‍ ഡിഫന്‍സ്, ഫയര്‍ ആര്‍ഡ് റെസ്‌ക്യൂ ടീം അംഗങ്ങള്‍ മോക് ഡ്രില്ലിലൂടെ രക്ഷപ്പെടുത്തിയത്. രക്ഷാ പ്രവര്‍ത്തനത്തിനു ശേഷം നല്‍കേണ്ട പ്രാഥമിക ശുശ്രൂഷ എന്നിവയാണ് മോക്ഡ്രില്ലില്‍ ഉള്‍പ്പെടുത്തിയത്. എന്‍.ഡി.ആര്‍.എഫിലെ 30 സേനാംഗങ്ങള്‍, അഗ്നി രക്ഷാ സേനാംഗങ്ങള്‍, പള്‍സ് എമര്‍ജന്‍സി ടീമിലെ 24 അംഗങ്ങളും മോക് ഡ്രില്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി. ഡെപ്യൂട്ടി കളക്ടര്‍ വി. അബൂബക്കര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. ജയരാജന്‍, വൈത്തിരി താലൂക്ക് തഹസില്‍ദാര്‍ ടോമിച്ചന്‍ ആന്റണി, എന്‍.ഡി.ആര്‍.എഫ് ഡെ. കമാണ്ടന്റ് എസ്. വൈദ്യലിങ്കം, എസ്.ഐ. കെ.കെ. പെരേവ, ഫയര്‍ ആന്റ് റസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. ബഷീര്‍, പോലീസ്, ആരോഗ്യം, പഞ്ചായത്ത്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മോക് ഡ്രില്ലിന് നേതൃത്വം നല്‍കി.