വിഷരഹിത ഭക്ഷ്യോൽപാദന മണ്ഡലം എന്ന നേട്ടം കൈവരിക്കാനൊരുങ്ങി പുതുക്കാട്. കുടുംബശ്രീ മിഷൻ, കൃഷിവകുപ്പ്, ത്രിതല പഞ്ചായത്തുകൾ, സർവീസ് സഹകരണ ബാങ്ക് എന്നിവയുടെ സഹകരണത്തോടെയാണ് മാതൃകാ പദ്ധതി നടപ്പിലാക്കുന്നത്. കെ കെ രാമചന്ദ്രൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. മണ്ഡലത്തിലെ മുഴുവൻ വീടുകളിലും വിഷരഹിത ഭക്ഷ്യവസ്തുക്കൾ ഉൽപാദിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് എംഎൽഎ അറിയിച്ചു. കുടുംബശ്രീ മിഷന്റെ അഗ്രി ന്യൂട്രി ഗാർഡൻ, കൃഷിവകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് എന്നീ പദ്ധതികൾ സംയോജിപ്പിച്ചു കൊണ്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയിലൂടെ മണ്ഡലത്തിലെ ഏകദേശം 35000 ൽ പരം സ്ത്രീകൾ കൃഷിയിലേക്ക് എന്ന ലക്ഷ്യം പൂർത്തീകരിക്കാനാകുമെന്നും എംഎൽഎ പറഞ്ഞു.

കൊടകര ബ്ലോക്ക് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ആർ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ഇ കെ അനൂപ്, അജിതാ സുധാകരൻ, മനോജ്‌ എൻ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഷീല മനോഹരൻ, ജില്ലാ പഞ്ചായത്തംഗം വി എസ് പ്രിൻസ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ നിർമൽ, കൊടകര ബ്ലോക്ക് പഞ്ചായത്ത് ബി ഡി ഒ അജയ്ഘോഷ് പി ആർ, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ ഡോ.സ്വപ്ന, വിവിധ കൃഷി ഓഫീസർമാർ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.