സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക ആഘോഷങ്ങളോടനുബന്ധിച്ച് ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ഉജ്ജ്വല ഭാരതം ഉജ്ജ്വല ഭാവി പവർ @ 2047 എന്ന പേരിൽ രാജ്യത്തെ എല്ലാ ജില്ലകളിലും ആഘോഷിക്കുന്ന വൈദ്യുതി മഹോത്സവത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.
എറണാകുളം ടൗൺഹാളിൽ നടന്ന ആഘോഷ പരിപാടി മേയർ അഡ്വ. എം. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി ജെ വിനോദ് എം എൽ എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഫോർട്ട്കൊച്ചി സബ് കളക്ടർ പി. വിഷ്ണുരാജ്, കെ.എസ്.ഇ.ബി. ചീഫ്. എഞ്ചിനീയർ (ഡിസ്ട്രിബ്യൂഷൻ സെൻട്രൽ) ജെയിംസ് ജോർജ്ജ്, കൗൺസിലർ സുധ ദിലീപ് കുമാർ, നോഡൽ ഓഫീസർ റ്റോംസൺ സെബാസ്റ്റ്യൻ തുടങ്ങിയവർ സംസാരിച്ചു.
രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്തെ ഊർജ്ജ മേഖലയിൽ വന്ന മാറ്റങ്ങളും അടുത്ത 25 വർഷത്തിനകം ഊർജ്ജ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന വികസന പ്രവർത്തനങ്ങളും ജനങ്ങളെ അറിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഊർജ്ജ മന്ത്രാലയതിന്റെ നേതൃത്വത്തിൽ വൈദ്യുതി മഹോത്സവം ആഘോഷിക്കുന്നത്. ആഘോഷ പരിപാടികളുടെ ഭാഗമായി വൈദ്യുതി മേഖലയിലെ ബോധവൽക്കരണത്തിനായി വൈദ്യുതി വകുപ്പിന്റെ വിവിധ ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനവും കലാ സാംസ്കാരിക പരിപാടികളും നടത്തി.