പെരുമ്പാവൂർ സർക്കാർ പോളി ടെക്നിക് കോളേജിൽ (കൂവപ്പടി) പുതിയതായി പണികഴിപ്പിച്ച ലൈബ്രറി കം അഡ്മിനിസ്‌ട്രേറ്റീവ് കെട്ടിടവും ഓഡിറ്റോറിയവും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ജൂലൈ 29 വെള്ളി ഉച്ചയ്ക്ക് രണ്ടിന് നാടിന് സമർപ്പിക്കും. കോളേജിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിന്റെ ഭാഗമായി കിഫ്ബി ( കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) മുഖേനയാണ് ഈ രണ്ട് നിർമ്മാണ പ്രവർത്തനങ്ങളും പൂർത്തീകരിച്ചത്.
രണ്ട് നിലയിൽ 1390 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് സജ്ജമാക്കിയിരിക്കുന്നത്. ആകെ 4.2 കോടി രൂപയാണ് ഇതിന്റെ നിർമ്മാണ ചെലവ്. അത്യാധുനിക നിലവാരത്തിൽ തയ്യാറാക്കിരിക്കുന്ന ബ്ലോക്കിന്റെ താഴത്തെ നിലയിൽ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ ലൈബ്രറിയും മുകളിലെ നിലയിൽ കോമൺ കംപ്യൂട്ടിങ്ങ് ഫെസിലിറ്റി, സെമിനാർ ഹാൾ, പരീക്ഷാമുറി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയാണുള്ളത്.
നൂതന സംവിധാനങ്ങളോടെ 5.2 കോടി രൂപ ചെലവിലാണ് ഓഡിറ്റോറിയം ഒരുക്കിയിരിക്കുന്നത്. ആകെ 1372 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഓഡിറ്റോറിയത്തിൽ 800 നു മുകളിൽ ഇരിപ്പിടങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.
മെക്കാനിക്കൽ, ഇലക്ട്രോണിക് & കമ്മ്യൂണിക്കേഷൻ, കമ്പ്യൂട്ടർ എഞ്ചിനീയറിംഗ് എന്നീ മൂന്ന് ശാഖകളാണ് പെരുമ്പാവൂർ സർക്കാർ പോളി ടെക്നിക് കോളേജിൽ ഉള്ളത്. 1964 ൽ ജൂനിയർ ടെക്നിക്കൽ സ്കൂളായി പ്രവർത്തനമാരംഭിച്ച ഈ സ്ഥാപനത്തെ 1994 ലാണ് പോളിടെക്നിക് കോളേജായി ഉയർത്തിയത്. നിലവിൽ അറുന്നൂറോളം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ കോളേജിലേക്ക് പുതിയ രണ്ട് സൗകര്യങ്ങൾകൂടി കൂട്ടിച്ചേർക്കപ്പെടുമ്പോൾ വിദ്യാഭ്യാസ നിലവാരം ഒന്നുകൂടെ മികച്ചതാവും.
ഉദ്ഘാടന ചടങ്ങിൽ എൽദോസ് കുന്നപ്പിള്ളിൽ എം.എൽ.എ അധ്യക്ഷത വഹിക്കും. ബെന്നി ബഹനാൻ എം.പി മുഖ്യാതിഥിയാകും. മുൻ എം.എൽ.എ സാജു പോൾ മുഖ്യ പ്രഭാഷണം നടത്തും. മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, അധ്യാപകർ, പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും