അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഐടി മേഖലയുടെ സമഗ്ര വികസനത്തിനുള്ള പദ്ധതികളാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാലയളവില്‍ 63 ലക്ഷം ചതുരശ്ര അടി ഐടി സ്പേസുകളും 67,000 തൊഴിലവസരങ്ങളുമാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചി ഇന്‍ഫോപാര്‍ക്ക് ഫേസ് രണ്ടില്‍ പുതിയ ഐടി സ്പേസുകളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1,61,000 ചതുരശ്ര അടി ഐടി സ്പേസാണ് ഇന്‍ഫോപാര്‍ക്കില്‍ ആരംഭിക്കുന്നത്. കൊച്ചി ഇന്‍ഫോപാര്‍ക്കില്‍ മൂന്നു നിലകളിലായുള്ള കൊഗ്‌നിസന്റ് ടെക്നോളജീസിന്റെ കെട്ടിടത്തില്‍ 1,00,998 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഐടി സ്പേസ്, ജ്യോതിര്‍മയ ബ്ലോക്കില്‍ 35,000 ചതുരശ്ര അടി, തൃശൂര്‍ ഇന്‍ഫോപാര്‍ക്കില്‍ 25,000 ചതുരശ്ര അടി എന്നിങ്ങനെയാണ് ഐടി സ്പേസ് ആരംഭിക്കുന്നത്. മൂന്നു സ്പേസുകളിലുമായി 18 കമ്പനികളുടെ നേതൃത്വത്തില്‍ രണ്ടായിരത്തോളം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
2016 മുതലുള്ള കാലയളവില്‍ സംസ്ഥാനത്ത് ആകെ 46 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലുള്ള ഐടി സ്പേസും 45,869 തൊഴിലവസരങ്ങളുമാണ് സൃഷ്ടിക്കപ്പെട്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിപുലവും ഊര്‍ജസ്വലവുമായ ഐടി വികസനം ഐടി രംഗത്ത് വലിയ കുതിപ്പാണുണ്ടാക്കിയിരിക്കുന്നത്. കേരളത്തിന് ഏറ്റവും അനുയോജ്യമായ വ്യവസായങ്ങളിലൊന്നാണ് ഐടി. മികച്ച മാനവ വിഭവ ശേഷി, ഉന്നത വിദ്യാഭ്യാസം നേടിയ ജനത, നാടിന്റെ പ്രത്യേകത, ശാന്തമായ സാമൂഹികാന്തരീക്ഷം എന്നിവ ഐടി മേഖലയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുകൂല ഘടകങ്ങളാണ്.
ഇന്റര്‍നെറ്റ് ലഭ്യത അവകാശമാക്കിയ ആദ്യ സംസ്ഥാനമാണ് കേരളം. ആ അവകാശം എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ-ഫോണ്‍ പദ്ധതി ആരംഭിച്ചത്. സൗജന്യമായും കുറഞ്ഞ നിരക്കിലുമുള്ള ഗുണമേന്മയുള്ള അതിവേഗ ഇന്റര്‍നെറ്റാണു ലക്ഷ്യമിടുന്നത്. ഇതിനായി 30,000 കിലോമീറ്റര്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല നിലവില്‍ വരും. 1611 കോടി രൂപയാണു പദ്ധതിക്കായി നീക്കിവച്ചിരിക്കുന്നത്. 74% ജോലികള്‍ പൂര്‍ത്തിയായി. കെ ഫോണിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും ലൈസന്‍സുകളും ലഭ്യമായിട്ടുണ്ട്.
ആരോഗ്യപരിപാലനം, ശുചിത്വം, ഇന്റര്‍നെറ്റ് കണക്ടിവിറ്റി എന്നിവയില്‍ കേരളം മുന്നിലാണ്. കേരള വികസനം ദേശീയ തലത്തില്‍തന്നെ ശ്രദ്ധ നേടുകയാണ്. വിമാനത്താവളങ്ങള്‍ക്കു സമീപത്തായി ആരംഭിക്കുന്ന സയന്‍സ് പാര്‍ക്കുകളിലൊന്ന് എറണാകുളം ജില്ലയിലായിരിക്കും. കൊച്ചി-കോയമ്പത്തൂര്‍ ഹൈടെക് വ്യവസായ ഇടനാഴിയും ഒരുങ്ങുകയാണ്. ഇതിനുപുറമേ ദേശീയ പാത 66 ന് സമാന്തരമായി നാല് ഐടി ഇടനാഴികളും സംസ്ഥാനത്തു സ്ഥാപിക്കും. നിലവിലെ തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക്, കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നിന്നാണ് ഇടനാഴികള്‍ ആരംഭിക്കുന്നത്. ദേശീയപാതയ്ക്കു സമാന്തരമായി ഐടി പാര്‍ക്കിന് അനുയോജ്യമായ 15 മുതല്‍ 25 ഏക്കര്‍ വരെ ഭൂമിയാണ് ഏറ്റെടുക്കുന്നത്. ഈ ഭൂമിയില്‍ 50,000 മുതല്‍ 2 ലക്ഷം വരെ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള 20 ചെറിയ ഐടി പാര്‍ക്കുകളാണ് ആരംഭിക്കുന്നത്. കെ ഫോണിന്റെ അതിവേഗ ഒപ്റ്റിക് ഫൈബര്‍ വഴി പാര്‍ക്കുകള്‍ തമ്മിലുള്ള കണക്ടിവിറ്റി ഉറപ്പാക്കും. നിര്‍ദ്ദിഷ്ട ഇടനാഴികളില്‍ 5 ജി ലീഡര്‍ഷിപ്പ് പാക്കേജ് നടപ്പാക്കും. ക്രമേണ കേരളത്തിലെമ്പാടും കെ ഫോണിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി 5 ജി ടവറുകളെ ബന്ധിപ്പിച്ച് 5 ജി വിപ്ലവത്തിന്റെ ഗുണഫലം നാട്ടിലാകെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ ഐടി പാര്‍ക്കുകള്‍ക്കു പുറമേ കൊല്ലത്തും കണ്ണൂരും ഐടി പാര്‍ക്കുകള്‍ ആരംഭിക്കും. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ നിലവിലുള്ളതിന്റെ ഇരട്ടി ഐടി ഉത്പന്നങ്ങളും സേവനങ്ങളും കേരളത്തില്‍ ലഭ്യമാക്കും. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യവികസനത്തിന് 100 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. സാങ്കേതിക ബിരുദധാരികള്‍ക്ക് ഐടി കമ്പനികളില്‍ ഐടി ഇന്റേണ്‍ഷിപ്പ് നല്‍കാനും സര്‍ക്കാര്‍ പദ്ധതി ആരംഭിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ 1200 പേര്‍ക്ക് ഇന്റേണ്‍ഷിപ്പ് അനുവദിക്കുന്നതിനുളള നടപടികള്‍ അന്തിമഘട്ടത്തിലാണ്.
മൂന്നു സര്‍ക്കാര്‍ പാര്‍ക്കുകളിലെ 1,21,000 ജീവനക്കാരുടെ ക്ഷേമത്തിനു ക്ഷേമനിധി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എല്ലാ ജീവനക്കാര്‍ക്കും ക്ഷേമ പദ്ധതിയുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും തൊഴില്‍ നിയമങ്ങള്‍ കൃത്യമായി നടപ്പാക്കുന്നുവെന്നും ഉറപ്പാക്കാന്‍ കമ്പനികളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ട്. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുളള നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
കോവിഡിന്റെ സാഹചര്യത്തില്‍ ആരംഭിച്ച വര്‍ക്ക് ഫ്രം ഹോം, വര്‍ക്ക് നിയര്‍ ഹോം രംഗത്തെ സാധ്യതകള്‍ പ്രയോജനപ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഐടി അധിഷ്ഠിത തൊഴില്‍ കേന്ദ്രങ്ങള്‍ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കുന്നതിന് 50 കോടി രൂപ സര്‍ക്കാര്‍ നീക്കിവച്ചിട്ടുണ്ട്. പഠിച്ചിറങ്ങുന്നവര്‍ തൊഴില്‍ ദാതാക്കളായി മാറുന്നതിന് സ്റ്റാര്‍ട്ട് അപ്പ് പ്രോത്സാഹന നയവും സര്‍ക്കാര്‍ നടപ്പാക്കുന്നു. സാങ്കേതികവിദ്യാ സംരംഭകരെ പ്രോത്സാഹിപ്പിച്ചു കേരളത്തിന്റെതായ സംരംഭക സംസ്‌കാരം രൂപപ്പെടുത്താന്‍ കഴിഞ്ഞു. 2016 ല്‍ 300 സ്റ്റാര്‍ട്ട് അപ്പുകളായിരുന്നത് 2021 ല്‍ 3900 ആയി. സ്റ്റാര്‍ട്ട് അപ്പുകള്‍ക്കു പ്രവര്‍ത്തനം മൂലധനം ലഭ്യമാക്കുന്നതിനുള്ള സീഡ് ഫണ്ടിംഗ്, എയ്ഞ്ചല്‍ ഫണ്ടിംഗ് എന്നിവയും സര്‍ക്കാര്‍ നടപ്പാക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് രംഗത്ത് മികവിന്റെ കേന്ദ്രം സ്ഥാപിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. എമര്‍ജിംഗ് ടെക്നോളജീസ് സ്റ്റാര്‍ട്ട് അപ്പ് ഹബ്ബ് രൂപീകരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്. അപ്സ്‌കില്ലിംഗ് ആന്‍ഡ് സ്‌കില്ലിംഗ് മേഖലയ്ക്കായി ടെക് സ്‌കൂള്‍ സ്റ്റാര്‍ട്ട്് അപ്പ് മിഷന്‍ വഴി നടപ്പാക്കും. ഐഎസ്ആര്‍ഒയുടെ സഹകരണത്തോടെ നടപ്പാക്കുന്ന ടെക്നോളജി സെന്ററിനായി സ്ഥലവും അനുവദിച്ചു കഴിഞ്ഞു. ഗ്രാഫൈന്‍ രംഗത്തെ വികസനത്തിനായി ഇന്ത്യ ഇന്നൊവേഷന്‍ സെന്ററും കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ട്. വൈജ്ഞാനിക, നൂതനത്വ സമൂഹമായി നാടിനെ മാറ്റാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ഇതിനായി കൃത്യമായ ദിശാബോധത്തോടെ മുന്നേറുകയാണു സര്‍ക്കാര്‍. പരമ്പരാഗത ചിന്തകളെ ‘തിങ്ക് ബിഗ്’ ചിന്തകള്‍ കൊണ്ട് പകരംവയ്ക്കാനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചടങ്ങില്‍ മന്ത്രി പി. രാജീവ് അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിജിന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ അജിത തങ്കപ്പന്‍, വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സോണിയ മുരുകേശന്‍, ജില്ലാ പഞ്ചായത്തംഗം ലിസി അലക്സ്, വാര്‍ഡ് അംഗം ടി.എസ്. നവാസ്, കേരള ഐടി പാര്‍ക്ക് സിഇഒ ജോണ്‍ എം. തോമസ്, കോഗ്നിസന്റ് ഡിജിറ്റല്‍ ബിസിനസ് ആന്‍ഡ് ടെക്നോളജി ഇന്ത്യ ഹെഡ് ആന്‍ഡ് പ്രസിഡന്റ് രാജേഷ് നമ്പ്യാര്‍, സെസ് ഡെപ്യൂട്ടി ഡെവലപ്മെന്റ് കമ്മീഷണര്‍ ബോണി പ്രസാദ റാവു തുടങ്ങിയവര്‍ പങ്കെടുത്തു