ജില്ലയിലെ ഗ്രാമപഞ്ചായത്തുകളില്‍ ലഹരി വിരുദ്ധ പ്രവര്‍ത്തനം ശക്തമാക്കുന്നതിനായി താലൂക്ക് തലത്തില്‍ നിന്ന് മാതൃക വിമുക്തി പഞ്ചായത്തുകളെ തിരഞ്ഞെടുത്തു. തിരുവല്ല, കോന്നി, റാന്നി, പത്തനംതിട്ട, അടൂര്‍ താലൂക്കില്‍ നിന്ന് യഥാക്രമം കടപ്ര, പ്രമാടം, റാന്നി, ഇലന്തൂര്‍, ഏറത്ത് ഗ്രാമപഞ്ചായത്തുകളെയാണ് തിരഞ്ഞെടുത്തത്. ഡെപ്യൂട്ടി കളക്ടര്‍ ആര്‍. രാജലക്ഷ്മിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന  സംസ്ഥാന ലഹരി വര്‍ജന മിഷന്റെ (വിമുക്തി) ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
വിമുക്തിയുടെ പ്രവര്‍ത്തനം വിജയിക്കുന്നതിന് എല്ലാവരുടേയും കൂട്ടായ ശ്രമം ഉണ്ടാകണമെന്നും സ്‌കൂളുകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ക്കായി അധ്യാപകരുടെ പൂര്‍ണമായ സഹകരണം വേണമെന്നും ഡെപ്യുട്ടി കളക്ടര്‍ പറഞ്ഞു.

ലഹരി ഉപയോഗം സംബന്ധിച്ചുള്ള പരാതികള്‍ ധൈര്യപൂര്‍വം എക്സൈസിനെ അറിയിക്കണമെന്നും പരാതി സംബന്ധിച്ച വിവരങ്ങള്‍ പുറത്തു പോകാതെ അന്വേഷണം നടത്തുമെന്നും ജില്ലാ ഡെപ്യൂട്ടി എക്സൈസ് കമ്മീഷണര്‍  വി.എ. പ്രദീപ് യോഗത്തില്‍ പറഞ്ഞു. പഞ്ചായത്തുകളിലെ ജാഗ്രത സമിതികള്‍ പ്രവര്‍ത്തനം ശക്തമാക്കണം. വിദ്യാര്‍ത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ  സ്‌കൂളുകളില്‍ പരിശോധനയും ബോധവത്കരണ പരിപാടികളും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ രാജീവ് ബി. നായര്‍, വിമുക്തി മാനേജര്‍ എസ്. സുനില്‍ കുമാരപിള്ള, പഞ്ചായത്ത് പ്രസിഡന്റുമാര്‍, വകുപ്പ് ഉദ്യേഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.