കോട്ടയം: നിരവധി യുവജനങ്ങള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കിയും നൂതന സംരംഭങ്ങളാരംഭിച്ചും യുവജനസഹകരണസംഘങ്ങള്‍ നാടിന്റെ വികസനസങ്കല്‍പങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് സഹകരണ- സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വെളിയന്നൂരില്‍ സംസ്ഥാനത്തെ ആദ്യ യുവജന സഹകരണസംഘമായ ഇ- നാട് യുവജന സഹകരണ സംഘത്തിന്റെ ഓഫിസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ഇവന്റ് മാനേജ്‌മെന്റ് മുതല്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വരെയുള്ള നിരവധി പ്രവര്‍ത്തനങ്ങളാണ് വിവിധ യുവജനസഹകരണസംഘങ്ങള്‍ ഏറ്റെടുത്തിട്ടുള്ളത്. നാടിന്റെ പുരോഗതിയ്ക്കും തൊഴിലിലായ്മ പരിഹരിക്കാനും ഈ സംഘങ്ങള്‍ മുതല്‍ക്കൂട്ടാകും. മാലിന്യനിര്‍മാര്‍ജനത്തില്‍ പുത്തന്‍ സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തി ശാസ്ത്രീയമാലിന്യ സംസ്‌കരണമാണ് ഇ- നാട് സഹകരണ സംഘത്തിനുള്ളത്. ജില്ലയിലും സമീപജില്ലകളിലുമായി ഗ്രാമപഞ്ചായത്തുകളടക്കം നിരവധി സ്ഥാപനങ്ങളാണ് ഇ- നാട് സഹകരണസംഘത്തിന്റെ പദ്ധതി ഏറ്റെടുത്തിട്ടുള്ളത്. സംസ്ഥാനതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന പദ്ധതിയാണ് ഇ-നാട് മുന്നോട്ട് വച്ചിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

യുവശക്തിയെ ഗുണപരമായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി സഹകരണ വകുപ്പിന്റെ പ്രത്യേക ഇടപെടലിലാണ് യുവജനങ്ങള്‍ക്ക് മാത്രമായി സഹകരണ സംഘം എന്ന ആശയം യാഥാര്‍ത്ഥ്യമായത്. ശുചിത്വമിഷന്‍ സേവനദാതാവായി അംഗീകരിച്ച ആദ്യ സഹകരണ സംഘമാണ് ഇ- നാട്. 2021 സെപ്റ്റംബറില്‍ പ്രവര്‍ത്തനം ആരംഭിച്ച ഇ- നാട് യുവജന സഹകരണ സംഘം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സ്വകാര്യ സ്ഥാപനങ്ങളുടെയും പദ്ധതികള്‍ ഏറ്റെടുത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജന മേഖലയില്‍ മുന്നേറുകയാണ്. ഇ- നാട് സഹകരണ സംഘം മുന്നോട്ട് വച്ച നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സഹകരണ വകുപ്പ് തദ്ദേശ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ‘ശുചിത്വം സഹകരണം’ എന്ന പദ്ധതി ആരംഭിക്കാനൊരുങ്ങുകയാണ്.

വെളിയന്നൂര്‍ ഗ്രാമപഞ്ചായത്ത് ജംഗ്ഷനില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മല ജിമ്മി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സണ്ണി പുതിയിടം, വൈസ് പ്രസിഡന്റ് തങ്കമണി ശശി, ജില്ലാ പഞ്ചായത്ത് അംഗം പി.എം മാത്യു, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജു ജോണ്‍, ഗ്രാമപഞ്ചായത്ത് അംഗം ഉഷാ സന്തോഷ്, സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എന്‍. വിജയകുമാര്‍, മീനച്ചില്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ജോണ്‍സണ്‍ പുളിക്കിയില്‍, വെളിയന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എല്‍ദോ ജോണ്‍, സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ എ.ടി സെലി, ഫോബ്‌സ് സൊല്യൂഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി രാജീവ് ജോര്‍ജ്, ഇ- നാട് ചീഫ് പ്രൊമോട്ടര്‍ സജേഷ് ശശി, പ്രൊമോട്ടിംഗ് കമ്മിറ്റി അംഗം ബി. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.