കെഎസ്ആര്‍ടിസി ഗ്രാമവണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിച്ചു

മന്ത്രി ആന്റണി രാജു ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു

കെ എസ് ആര്‍ ടി സിയുടെ ഗ്രാമവണ്ടികള്‍ സംസ്ഥാനഗ്രാമീണ ഗതാഗത മേഖലയില്‍ പുതിയ അധ്യായം രചിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ദേശീയ അന്തര്‍ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോകുന്ന പദ്ധതിയാണിത്. ചുരുങ്ങിയ കാലയളവില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഗ്രാമവണ്ടി ഓടിത്തുടങ്ങുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച് കെ എസ് ആര്‍ ടി സി ആരംഭിക്കുന്ന ഗ്രാമവണ്ടി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശാല കൊല്ലയില്‍ ഗ്രാമപഞ്ചായത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ പട്ടിണിയില്ലാത്ത പ്രദേശമായി കേരളം മാറിയെന്നും മന്ത്രി പറഞ്ഞു. 0.07 ശതമാനം മാത്രമാണ് കേരളത്തിലെ പട്ടിണി നിരക്ക്. അതിദാരിദ്ര്യം അവസാനിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് എല്ലാ വകുപ്പുകളും നല്ല സഹകരണമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ മൂന്ന് ലക്ഷം ആളുകള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ വീടുവച്ച് നല്‍കിയത്.  ഇനി അഞ്ച് ലക്ഷം പേര്‍ക്ക് കൂടി  വീട് നല്‍കാനുണ്ട്. അതുപോലെ 20 ലക്ഷം അഭ്യസ്തവിദ്യരായ യുവതി യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുവാനും തീരുമാനിച്ചു.  ഒരു ലക്ഷം സംരംഭകരെ കണ്ടെത്തുന്നതിന് വേണ്ടി പഞ്ചായത്ത് -മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അടിസ്ഥാനത്തില്‍ സംരംഭക കൂട്ടായ്മയും രൂപപ്പെടുകയാണ്. 80,000 ത്തിലധികം ആളുകളാണ് ഇതുവരെ രജിസ്റ്റര്‍ ചെയ്തതെന്നും മന്ത്രി പറഞ്ഞു.

ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു ഗ്രാമവണ്ടിയുടെ ആദ്യ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. പഴയ ചുവപ്പ് നിറത്തില്‍ തന്നെയാവും ഗ്രാമവണ്ടിയും ഓടുകയെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ മുഖമുദ്രയാകാന്‍ ഒരുങ്ങുന്ന ഒരു പദ്ധതിയാണ് ഇതെന്നും ആഗസ്റ്റ് – സെപ്തംബര്‍ മാസത്തോടെ  കേരളത്തിലെ ഏകദേശം എല്ലാ ജില്ലകളിലും ഈ പദ്ധതി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. ചെറിയ വണ്ടികള്‍ക്ക് മാത്രം പോകാന്‍ കഴിയുന്ന പ്രദേശങ്ങളില്‍ സ്വകാര്യ വ്യക്തികളില്‍ നിന്ന് വണ്ടി വാടകയ്ക്ക് എടുക്കാനും കെ എസ് ആര്‍ ടി സി ആലോചിക്കുന്നുണ്ട്. ഇടറോഡുകളില്‍ ഓടുന്നതിനായി സ്വകാര്യ വാഹനങ്ങള്‍ കെ എസ് ആര്‍ ടി സിയുടെ പെയിന്റടിച്ച് ഉടമസ്ഥര്‍ തന്നെ ഓടിക്കുന്ന രീതിയില്‍ കെ എസ് ആര്‍ ടി സിയുടെ കണ്ടക്ടറെ വച്ച് ഒന്നോ രണ്ടോ വര്‍ഷത്തേക്ക് കരാറില്‍ എടുത്താകും വണ്ടി ഓടുകയെന്നും അദ്ദേഹം പറഞ്ഞു.

ഗ്രാമീണ പാതകളിലെ യാത്രാക്ലേശം കുറയ്ക്കുന്നതിനു തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച പദ്ധതിയാണ് ഗ്രാമവണ്ടി. സര്‍വീസ് നടത്തുന്ന ബസുകള്‍ക്ക് ആവശ്യമായ ഡീസല്‍ ചെലവ് തദ്ദേശ സ്ഥാപനങ്ങള്‍ നല്‍കും. ഗ്രാമവണ്ടിയിലെ ജീവനക്കാരുടെ താമസം, പാര്‍ക്കിംഗ്, സുരക്ഷ എന്നിവ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും വാഹനം, ജീവനക്കാരുടെ ശമ്പളം, അറ്റകുറ്റപ്പണികള്‍, സ്‌പെയര്‍ പാര്‍ട്‌സുകള്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ ചെലവ് കെ എസ് ആര്‍ ടി സിയും വഹിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് പുറമേ, സ്വകാര്യ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗ്രാമവണ്ടി ബസുകള്‍ സ്‌പോണ്‍സര്‍ ചെയ്യാനാകും. സ്‌പോണ്‍സര്‍ ചെയ്യുന്നവരുടെ പരസ്യങ്ങള്‍ ബസുകളില്‍ പ്രദര്‍ശിപ്പിക്കും.

സി കെ ഹരീന്ദ്രന്‍ എം എല്‍ എ അധ്യക്ഷനായ ചടങ്ങില്‍ കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍ എസ് നവനീത് കുമാര്‍, കൊല്ലയില്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് സന്ധ്യ, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, കെ എസ് ആര്‍ ടി സി സി എം ഡി ബിജു പ്രഭാകര്‍, ജീവനക്കാര്‍ തുടങ്ങിയവരും പങ്കെടുത്തു.