ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്തില്‍ ബ്ലോക്ക് റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി (ആര്‍ ആര്‍ എഫ്) പ്ലാസ്റ്റിക് അജൈവ പാഴ് വസ്തു സംഭരണ യൂണിറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് സ്‌കറിയ കണ്ണമുണ്ടയില്‍ നിര്‍വഹിച്ചു. 30 ലക്ഷം രൂപ മുതല്‍ മുടക്കിയാണ് പദ്ധതി നടപ്പിലാക്കിയത്. 15 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തിന്റെയും 15 ലക്ഷം രൂപ സ്വച്ച് ഭാരത് മിഷന്റെയുമാണ്. ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ ബെയിലിങ് മെഷിന്‍, ഡസ്റ്റര്‍ മേക്കര്‍ എന്നിവ സ്ഥാപിക്കുകയും വൈദ്യുതികരണം, അഗ്‌നി സുരക്ഷ ക്രമീകരണങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സണ്‍ വര്‍ക്കി അധ്യക്ഷത വഹിച്ചു.അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു സംസ്‌കരിക്കുന്നതിനും പുനര്‍ ഉപയോഗിക്കുന്നതിനും ആവശ്യമായ ആധുനിക രീതിയിലാണ് ആര്‍ആര്‍എഫ് യൂണിറ്റിന്റെ പ്രവര്‍ത്തനം. വലിയ അളവില്‍ വരുന്ന പ്ലാസ്റ്റിക് പ്രസ് ചെയ്ത് ചെറിയ അളവിലേക്ക് മാറ്റുന്നതിനു കഴിയും. പ്ലാസ്റ്റിക് മാലിന്യം ആര്‍ആര്‍എഫില്‍ എത്തിച്ച് തരംതിരിച്ച് സംസ്‌കരിക്കും. ഹരിത കര്‍മസേനയ്ക്ക് മാലിന്യം വേര്‍തിരിക്കല്‍, സംസ്‌കരണം എന്നിവ സംബന്ധിച്ച പ്രായോഗിക പരിശീലനം കൊടുത്തിട്ടുണ്ട്.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോണ്‍സന്‍, ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ലാലച്ചന്‍ വെള്ളക്കട, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ സവിത ബിനു, ഇരട്ടയാര്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനി മാത്യു, ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ജിഷ ഷാജി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ ജയമ്മ, ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രതിനിധികള്‍ ഹരിത കര്‍മ്മ സേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.