പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും സംസ്ഥാന ഭക്ഷ്യ കമ്മീഷന്റെയും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും സംയുക്ത സഹകരണത്തോടെ അടിമാലി ഉപജില്ലയിലെ പാചക തൊഴിലാളികള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. അടിമാലി ഉപജില്ലയിലെ ഹൈസ്‌ക്കൂള്‍, യു പി, എല്‍ പി, എം ജി എല്‍ സി, സ്‌പെഷ്യല്‍ സ്‌കൂളുകളിലെ പാചക തൊഴിലാളികളെ പങ്കെടുപ്പിച്ചായിരുന്നു പരിശീലനം. അടിമാലി സര്‍ക്കാര്‍ ഹൈസ്‌ക്കൂളില്‍ നടത്തിയ പരിപാടിയുടെ ഉദ്ഘാടനം അടിമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സോമന്‍ ചെല്ലപ്പന്‍ നിര്‍വ്വഹിച്ചു.പോഷക മൂല്യമുള്ളതും ശുചിത്വമുള്ളതുമായ സുരക്ഷിത ഭക്ഷണം പാചകം ചെയ്ത് കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ പാചക തൊഴിലാളികളിലേക്ക് എത്തിക്കുകയെന്നതാണ് ലക്ഷ്യം. അടിമാലി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പ്രീത എല്‍. എസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ നൂണ്‍ഫീഡിംഗ് സൂപ്പര്‍ വൈസര്‍ സൈമണ്‍ പി. ജെ ആമുഖ പ്രഭാഷണവും, ഭക്ഷ്യ കമ്മീഷന്‍ അംഗം ബി. രമേശന്‍ മുഖ്യ പ്രഭാഷണവും നടത്തി. റിസോഴ്‌സ് പേഴ്‌സണ്‍ ബിന്‍സ് കെ. തോമസ് പരിശീലന ക്ലാസ് നയിച്ചു. അടിമാലി നൂണ്‍ മീല്‍ ഓഫീസര്‍ മിനി ഇ. എ, അടിമാലി ഉപജില്ല എച്ച് എം ഫോറം സെക്രട്ടറി ജോസ് ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.
